/sathyam/media/media_files/2025/10/11/1001317147-2025-10-11-12-36-19.jpg)
ജിദ്ദ: ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന നിരവധി വിശ്രമ കേന്ദ്രങ്ങൾ (ലോഞ്ചുകൾ) അടച്ചുപൂട്ടാൻ മേഖലാ ഭരണകൂടം ഉത്തരവിട്ടു.
പൊതുസമൂഹത്തിന്റെ അഭിരുചി പരിരക്ഷിക്കാതിരുന്ന കേന്ദ്രങ്ങൾക്കെതിരെയാണ് നടപടി. ഹൈറേഞ്ച് മേഖലയായ അസീർ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.
സൗദി സമൂഹത്തിന്റെ പൊതുബോധത്തിന് നിരക്കാത്ത ആക്ടിവിറ്റികളും ധാർമികതയുടെ ലംഘനങ്ങളും ഉണ്ടായാൽ കർശനമായ നടപടികളാണ് സൗദി ഭരണകൂടം കൈക്കൊള്ളുക.
അടച്ചുപൂട്ടിയ ലോഞ്ചുകൾക്കെതിരെ നിയമ നടപടി തുടങ്ങിയിട്ടുമുണ്ട്.
ബന്ധപ്പെട്ട അധികാരികൾ നിരവധി ലോഞ്ചുകളിൽ നടത്തിയ സമഗ്രമായ പരിശോധനകളിൽ നിന്ന് പൊതുജന അഭിരുചിയെയും നിയന്ത്രണങ്ങളെയും ലംഘിക്കുന്ന ലംഘനങ്ങൾ കണ്ടെത്തുന്നതിനെ തുടർന്ന് അവ ഉടനടി അടച്ചുപൂട്ടാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അസീർ ഗവർണർ ഉത്തരവിടുകയായിരുന്നു.
നിയമത്തെ ബഹുമാനിക്കുകയും സമൂഹ ബോധത്തെ ആദരിക്കുകയും ചെയ്യുകയെന്നത് ഒരു ഔദാര്യമല്ലാ, മറിച്ച് എല്ലാവരുടെയും കടമയാണെന്നും ഇത് സംബന്ധിച്ച് ഗവർണറേറ്റ് ഇറക്കിയ പ്രസ്താവന ഓർമപ്പെടുത്തി.
മൂല്യങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ ഏതൊരു ആചാരത്തെയും ഭരണകൂടം പൂർണ്ണമായും നിരസിക്കുന്നുവെന്നും അത്തരം ലംഘനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും പൊതുജന അഭിരുചിയെ വ്രണപ്പെടുത്തുന്നതോ നിയന്ത്രണങ്ങൾ ലംഘിക്കുന്നതോ ആയ എല്ലാവർക്കും നേരേ നിയമം കർശനമായി നടപ്പാക്കുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി.