/sathyam/media/media_files/2025/10/16/images-1280-x-960-px367-2025-10-16-14-19-13.jpg)
ജിദ്ദ: ചലച്ചിത്ര രംഗത്ത് രാജ്യാന്തര തലത്തിലെ അത്യുന്നത ബഹുമതിയായ ഓസ്കാർ (അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്) അവാർഡിന് പരിഗണിക്കുന്നതിന് സൗദി സിനിമ ഇത്തവണയും.
2026 മാര്‍ച്ചില്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ അരങ്ങേറുന്ന 98-ാമത് ഓസ്‌കാർ പുരസ്കാരത്തിലെ രാജ്യാന്തര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ സൗദി അറേബ്യയുടെ "ഹിജ്‌റ" യും മത്സരിക്കും.
സൗദി ഫിലിം ഫിലിം കമ്മീഷൻ അറിയിച്ചതാണ് ഇത്. സിനിമാ മേഖലയിലെ പ്രഗത്ഭർ അടങ്ങിയ ഒരു സമിതിയാണ് "ഹിജ്‌റ" തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റില്‍ വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെച്ച് റിലീസ് ചെയ്ത "ഹിജ്‌റ" വിവിധ തലമുറകളിലെ സ്ത്രീ അവസ്ഥയാണ് പ്രമേയമാക്കുന്നത്.
മരുഭൂമിയിലൂടെയുള്ള ഒരു യാത്രയിൽ സൗദി സ്ത്രീകളുടെ വ്യത്യസ്ത തലമുറകൾക്കിടയിൽ രൂപപ്പെടുന്ന ബന്ധങ്ങളുടെ ഹൃദയഹാരിയായ കഥയാണ് "ഹിജ്‌റ".
ജിദ്ദക്കാരിയായ സൗദി സംവിധായിക ഷഹദ് അമീന്‍ ചിത്രമായ "ഹിജ്‌റ" കഴിഞ്ഞ മാസം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് (NETPAC) അവാര്‍ഡ് നേടിയിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ 'സ്‌കെയില്‍സ്' ആണ് ഷഹാദിന്റെ ആദ്യ സിനിമ.
വടക്കന്‍ സൗദി അറേബ്യയിലൂടെ കാണാതായ ഒരു കൗമാരക്കാരിയെ തേടിയുള്ള മുത്തശ്ശി ഖൈരിയ നസ്മിയുടെയും അവരുടെ പേരക്കുട്ടി ലാമര്‍ ഫദ്ദാന്റെയും യാത്രയാണ് ഫീച്ചര്‍ ഫിലിം പിന്തുടരുന്നത്. സൗദിയിലെ എട്ട് നഗരങ്ങളിലായി 55 ദിവസത്തിലധികം ചെലവിട്ടാണ് "ഹിജ്‌റ" പൂർത്തിയാക്കിയത്..
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ 2020 ല്‍ സ്ഥാപിച്ച സൗദി ഫിലിം കമ്മീഷൻ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഇന്നത്തെ സൗദി പ്രാധാന്യം കൊടുക്കുന്ന സുപ്രധാന ഇന്ഡസ്ട്രികളാണ് സിനിമയും വിനോദവും.
രാജ്യത്തുടനീളമായി 64 ലൊക്കേഷനുകളും 630 സ്‌ക്രീനുകളുമുള്ള സൗദിയിലെ നിലവിലെ സിനിമാ സംരംഭം അനുസ്യൂതം പുരോഗമിക്കുകയാണ്. ഇതിന്റെ കൂടി തെളിവാണ് അടുത്ത ഓസ്കാറിലേക്കുമുള്ള സൗദി എൻട്രി.