/sathyam/media/media_files/2025/07/30/images1531-2025-07-30-14-43-23.jpg)
ജിദ്ദ: മലയാളി പ്രവാസി സോക്കർ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ജിദ്ദയിലെ പ്രബലരായ ബ്ലൂസ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന അബീർ - ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും.
ജിദ്ദാ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള അൽറുസൂഫ് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിന് അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) പ്രസിഡൻറ് ബേബി നീലാമ്പ്ര എന്നിവർ ചേർന്ന് ടൂർണമെന്റിന് കൊടി വീശും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഹരം പകർന്ന് പ്രവാസി കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാൻസ്, ഒപ്പന, സംഗീത നിശ, മുട്ടിപ്പാട്ട് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
സിഫ് സോക്കർ കൂട്ടായ്മയിലെ അംഗങ്ങളായ ക്ലബുകളെ പങ്കെടുപ്പിച്ച് അരങ്ങേറുന്ന സോക്കർ ഫെസ്റ്റ് സെപ്റ്റംബർ അഞ്ച് വരെ നീണ്ടുനിൽക്കും.
എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് ഏഴ് മുതലായിരിക്കും മത്സരം.നാല് വിഭാങ്ങളിലായി ദിവസവും നാല് വീതം മത്സരങ്ങൾ ഉണ്ടായിരിക്കും.
സിഫ് എ ഡിവിഷൻ ടീമുകളായ ചാംസ് സബീൻ, എൻകംഫർട് എ സി സി എ ടീം, ബ്ലാസ്റ്റേഴ്സ്, റീം റിയൽ കേരള എന്നീ പ്രമുഖ ടീമുകൾ മത്സരിക്കുന്ന സൂപ്പർ ലീഗ്, സിഫ് ബി ഡിവിഷനിലെ എട്ട് ടീമുകൾ മത്സരിക്കുന്ന സെക്കൻഡ് ഡിവിഷൻ ലീഗ്, 17 വയസ്സിന് താഴെയുള്ളവരുടെ ജൂനിയർ ലീഗ്, വെറ്ററൻസ് ലീഗ് എന്നിവയാണ് നാല് വിഭാഗങ്ങൾ.
ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഡോ. ഇമ്രാൻ നിർവഹിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് ഏറ്റുവാങ്ങി. ബ്ലൂ സ്റ്റാർ ക്ലബ് പ്രസിഡൻറ് ഷരീഫ് പരപ്പൻ അധ്യക്ഷത വഹിച്ചു.
സിഫ് വൈസ് പ്രസിഡൻറ് സലിം മമ്പാട്, മുൻ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ, മുൻ ജനറൽ സെക്രട്ടറി ഷബീറലി ലവ, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവ്വൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ അണിനിരന്ന സംഗീത നിശയും ഉണ്ടായിരുന്നു.
ശരീഫ് സാംസങ്, ആദം കബീർ, രജീഷ് അരിപ്ര, മുസ്തഫ ഒതുക്കുങ്ങൽ, മുസ്തഫ മേൽമുറി, അൻവർ ഒതുക്കുങ്ങൽ, നിഷാദ് മങ്കട, സുബൈർ അരീക്കോട്, അസ്കർ ജൂബിലി, അജീഷ് കരുവാരക്കുണ്ട് തുടങ്ങിയവർ നേതൃത്വം നൽകി.കുഞ്ഞാലി അബീർ നന്ദി പറഞ്ഞു.