/sathyam/media/media_files/2025/08/22/7d36aa17-e081-4e06-ae86-c334ac29ca0e-2025-08-22-18-23-03.jpg)
ജിദ്ദ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനം ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. മലയാളികൾ കൂടുതലായി താമസിക്കുന്ന ജിദ്ദയിലെ ഷറഫിയ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള പൊതുപാർക്കിലാണ് സദ്ഭാവനാ ദിനാചരണത്തിന് വേദിയൊരിക്കിയത്.
ദിനാഘോഷത്തിന്‍റെ ഭാഗമായി കമാൽ കളപ്പാടൻ സദ്ഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതേതര മൂല്യങ്ങൾ, ദേശീയ ഐക്യം, സഹോദരാഭാവം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി സദ്ഭാവനാ ദിനത്തിൽ ഓർമ്മിപ്പിച്ചു. സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ പരിപാടിക്കും തുടക്കമിട്ടു.
പരിസ്ഥിതി സൗഹൃദവും തലമുറകൾക്ക് പ്രതീക്ഷ നൽകുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുകയെന്നതാണ് വൃക്ഷതൈ നട്ട് കൊണ്ടുള്ള പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കൽ, സീനിയർ ഒ ഐ സി സി നേതാവ് സൈഫുദ്ധീൻ വാഴയിൽ എന്നിവർ ചേർന്ന് വൃക്ഷതൈ നടീൽ യത്നത്തിന് ഉദ്ഘാടനം കുറിച്ചു.
ഉസ്മാൻ മേലാറ്റൂർ വൃക്ഷതൈക്ക് വെള്ളം നൽകി പരിപാടിക്ക് ചിറകൂന്നി , “വൃക്ഷതൈ നടൽ പ്രകൃതിയോട് മാത്രം ഉള്ള കടമയല്ല, മറിച്ച് വരും തലമുറകളോട് ഉള്ള ഉത്തരവാദിത്വവുമാണ്”
എന്ന സന്ദേശം പരിപാടിയിലൂടെ ശക്തമായി ഉയർന്നു.
പ്രവാസി സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥിരമായി സംഘടിപ്പിക്കാറുള്ളത്. സദ്ഭാവനാ ദിനാഘോഷം അതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
യു എം ഹുസൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ, മുജീബ് കാളികാവ്, പി കെ നാദിർഷ, ശരീഫ് മാസ്റ്റർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.