പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കവിത ചർച്ച സംഘടിപ്പിച്ചു

author-image
സൌദി ഡെസ്ക്
New Update
IMG_6418

ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'വ്യഞ്ജനങ്ങളിലൂടെ' എന്ന പേരിൽ കവിത ചർച്ച സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പതിനഞ്ചാമത് എഡിഷൻ സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ പ്രമേയമായ ‘പ്രയാണങ്ങൾ’ എന്ന വിഷയത്തിലുള്ള മൂന്ന് കവിതകളാണ് ചർച്ച ചെയ്തത്.

Advertisment

സച്ചിദാനന്ദന്റെ ‘നടക്കൂ നടക്കൂ’ എന്ന കവിതയെക്കുറിച്ച് സാജിദ് ആറാട്ടുപുഴയും, വീരാൻകുട്ടിയുടെ ‘സ്മാരകം’ എന്ന കവിതയെ ആസ്പദമാക്കി പ്രദീപ് കൊട്ടിയവും, മഹ്‌മൂദ് ദർവേശിന്റെ പ്രശസ്തമായ 'മറ്റേവരെപ്പോലെ ഞങ്ങളും യാത്രപോകുന്നു' (നുസാഫിറു കന്നാസ്) എന്ന കവിത മുഹമ്മദ് അൻവറും അവതരിപ്പിച്ചു. പ്രകൃതിയോടും മനുഷ്യനോടും ചേർന്നു നിൽക്കുന്ന പ്രയാണങ്ങൾ, മനുഷ്യ ജീവിതം, ആട്ടിയോടിക്കപ്പെട്ട പലസ്തീനിലെ മനുഷ്യർ തുടങ്ങിയവ ചർച്ചയിൽ ഉയർന്നു. തുടർന്ന് നടന്ന ചർച്ചയിൽ മോഹൻ വസുധ, നജീബ് പുല്ലുപറമ്പിൽ എന്നിവർ പങ്കെടുത്തു. ആർ.എസ്.സി ഗ്ലോബൽ പ്രവർത്തക സമിതി അംഗം സാദിഖ് ജഫനി ആമുഖ പ്രഭാഷണവും കവി മുസ്തഫ മാസ്റ്റർ മുക്കൂട് ചർച്ചകൾക്ക് സംഗ്രഹവും നൽകി.

സാഹിത്യോത്സവിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. സാജിദ് ആറാട്ടുപുഴ, പ്രദീപ് കൊട്ടിയം, നജീബ് പുല്ലുപറമ്പിൽ, മുസ്തഫ മാസ്റ്റർ മുക്കൂട്, മോഹൻ വസുധ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി റഹൂഫ് പാലേരി, റഷീദ് വാടാനപ്പള്ളി എന്നിവർ ചേർന്നാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്. സൗദി ഈസ്റ്റ്‌ നാഷനൽ പ്രവാസി സാഹിത്യോത്സവ്‌ ജനുവരി ഒൻപതിന് ജുബൈലിൽ നടക്കും. പരിപാടിയിൽ റഷീദ് വാടാനപ്പള്ളി നന്ദി രേഖപ്പെടുത്തി.

Advertisment