റെഡ് സീ രാജ്യാന്തര ചലച്ചിത്ര മേള ഡിസം 4 മുതൽ 13 വരെ; സിനിമാ ലോകം ജിദ്ദയിലേക്കുള്ള തീർത്ഥാടനത്തിന്

പൊതു ടിക്കറ്റ് വാങ്ങിയും മേളയിൽ പങ്കെടുക്കാം.

New Update
1001446123

ജിദ്ദ: ചെങ്കടലിന്റെ റാണിയ്ക്ക് വരാനിരിക്കുന്നത് ദശദിന ചലച്ചിത്രാരാവത്തിന്റെ നാളുകൾ.

Advertisment

 ഇതിനകം ശ്രദ്ധേയമായി മാറിയ സൗദിയിലെ റെഡ് സീ രാജ്യാന്തര ചലച്ചിത്ര മേള ഡിസം, 4 ന് കൊടിയേറുകയാണ്.

മേള 13 വരെ നീണ്ടുനിൽക്കും. പുരാതന ശേഷിപ്പുകൾ പ്രസിദ്ധമാക്കുന്ന ജിദ്ദാ പഴയ ജിദ്ദാ നഗരത്തിലെ ബലദ് ഏരിയയിലാണ് മുൻ വര്ഷങ്ങളിലെന്ന പോലെ അഞ്ചാമത് ദൃശ്യോത്സവത്തിനും വേദിയാകുന്നത്.

സൗദി അറേബ്യയുടെ മുഖഛായ മാറിക്കൊണ്ടിരിക്കുന്ന "വിഷൻ 2030" പ്രകാരം സിനിമ ഉൾപ്പെടെയുള്ള വിനോദങ്ങൾക്ക് ലഭിക്കുന്ന പരിലാളനയുടെ ഭാഗമാണ് ചലച്ചിത്രോത്സവങ്ങളും.

  രാജ്യാന്തര തലത്തിലുള്ള സിനിമകളെ സൗദിയില്‍ എത്തിക്കുകയും പ്രാദേശികമായ സിനിമാ ആവിഷ്കാരങ്ങൾക്കും പ്രവർത്തകർക്കും പരിപോഷണം നൽകുകയും ചെയ്യുകയെന്നതാണ് ലക്‌ഷ്യം.

  വിവിധ രാജ്യാന്തര മേളകളിൽ ഇതിനകം സൗദി സിനിമകൾ പങ്കെടുക്കുകയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ലോക സിനിമകള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് രണ്ട് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ബോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നവയാണ് പ്രസ്തുത രണ്ട് പ്രമുഖ ബോളിവുഡ് ചിത്രങ്ങള്‍.

ബോളിവുഡിന്റെ നിത്യഹരിത നായികയായ രേഖ ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ഈ വര്‍ഷത്തെ മേളയുടെ ഭാഗമാകാൻ എത്തുന്നുണ്ട്.   

45 രാജ്യങ്ങളില്‍ നിന്നുള്ള 160 പ്രദര്‍ശകര്‍ പങ്കെടുക്കുന്ന "റെഡ് സീ സൂഖ്" ഇത്തവണത്തെ പ്രത്യേക ആകർഷണമായിരിക്കും.

  ഡിസം. 6 മുതല്‍ 10 വരെയായിരിക്കും സൂഖ് പ്രവർത്തിക്കുക. അവിടെ പ്രൊഫഷണല്‍ വികസനത്തിനായി വര്‍ക്ക്ഷോപ്പുകള്‍, പരിശീലന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ സംവിധാനിച്ചിട്ടുണ്ട്.

  സിനിമാ ഇന്ഡസ്ട്രിയിലെ രാജ്യാന്തര പ്രശസ്തർ ഇവയിൽ പങ്കെടുക്കും.

സംഘാടകർ പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള 'ഫാന്‍സ് സോണ്‍' സിനിമാ ഹരക്കാരുടെ ഇഷ്ട്ടം കവരും.

  റെഡ് കാര്‍പ്പറ്റിലൂടെ ഈ സോണിൽ എത്തുന്ന പ്രമുഖ താരങ്ങളെ നേരില്‍ കാണാനും സംവദിക്കാനും ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് നേടാനും ആരാധകര്‍ക്ക് ഇവിടെ അവസരം ലഭിക്കും.

വ്യവസായ പ്രൊഫഷണലുകൾക്ക് ഫെസ്റ്റിവലിലും അതിന്റെ വിപണിയായ റെഡ് സീ സൂക്കിലും പങ്കെടുക്കാൻ പ്രത്യേക അക്രഡിറ്റേഷന് അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

  പൊതു ടിക്കറ്റ് വാങ്ങിയും മേളയിൽ പങ്കെടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പ്രോഗ്രാം കാണുന്നതിനും ഔദ്യോഗിക റെഡ് സീ ഫെസ്റ്റിവൽ ആപ്പ് ലഭ്യമാണ്.

  വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ ഫെസ്റ്റിവൽ തീയതികൾ അടുക്കുന്നതോടെ ലഭ്യമാകും. https://redseafilmfest.com എന്ന വെബ്സൈറ്റ് വഴി എല്ലാ വിവരങ്ങളും ടിക്കറ്റ് റീസർവേഷനും സാധ്യമാണ്.

Advertisment