ജിദ്ദ: റിയാദ് ആസ്ഥാനമായി സുബൈർ കുഞ്ഞ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘റിസ’ ജൂൺ 26ന് ലഹരിവിരുദ്ധ പ്രതിജ്ഞ കാമ്പയിൻ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ‘ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങൾ തടയുക’ എന്ന പ്രമേയം കൂടി ഉൾപ്പെടുത്തിയുള്ളതാണ് ‘റിസ’യുടെ ഈ വർഷത്തെ പ്രതിജ്ഞ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉർദു, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഒഡീസി ഭാഷകളിലാണ് പ്രതിജ്ഞ നിർവഹിക്കുക.
വിവിധ രാജ്യങ്ങളിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകളും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് 2012 മുതൽ ‘റിസ’ നടത്തിവരുന്ന ഈ പരിപാടിയിൽ വിവിധരാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിന് അധ്യാപകരും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കും.
മിഡിലീസ്റ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള റിസയുടെ കോഓഡിനേറ്റർമാർ അതത് പ്രദേശങ്ങളിലെ പ്രതിജ്ഞ ചടങ്ങുകൾ ഏകോപിപ്പിക്കും. ഓൺലൈനിൽ നടന്ന കാമ്പയിൻ സംഘാടകസമിതി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടന്റ് ഡോ. എ.വി. ഭരതൻ, ഭാരത സർക്കാർ ആയുഷ് വകുപ്പ് യോഗ കൺസൾട്ടന്റ് കുന്ദൻലാൽ ഗൊത്വാൾ, യു.എൻ വളൻറിയർ ഡോ. റുക്സാന, കേണൽ ജൂലിയസ് റോക്ക്, ഷംനാദ് കരുനാഗപ്പള്ളി, റിസ സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ പദ്മിനി യു. നായർ, മീര റഹ്മാൻ, റിസ സ്റ്റേറ്റ് കോഓഡിനേറ്റർ കരുണാകരൻ പിള്ള, ഡോ. തമ്പി വേലപ്പൻ, ഡോ. നസീം അക്തർ കുറൈശി, ഡോ. നജീബ്, ഡോ. രാജു വർഗീസ്, എൻജി. ജഹീർ, ജോർജുകുട്ടി മക്കുളത്ത് എന്നിവർ പങ്കെടുത്തു.
സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ 2012ൽ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച ‘റിസ’ 2020 മുതൽ യു.എൻ.ഒ.ഡി.സിയുടെ എൻ.ജി.ഒ പട്ടികയിലും യു.എൻ ഡേറ്റാ ബേസിലും ഇടം നേടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ്, risa.skf@gmail.com എന്ന ഇമെയിൽ എന്നിവയിൽ ബന്ധപ്പെടണം.