'ഇരകള്‍’ നിറഞ്ഞാടിയപ്പോൾ കാണികളുടെ ഉള്ളുലഞ്ഞു; ഒഐസിസി വനിതാ വേദി ഒരുക്കിയ ലഹരിക്കെതിരായ ബോധവത്ക്കരണ പരിപാടിയില്‍ ‘ഇരകള്‍’ എന്ന ലഘുനാടകം അരങ്ങിലെത്തിച്ച് റിയാദ് കലാഭവന്‍

author-image
റാഫി പാങ്ങോട്
Updated On
New Update
irakal riyad kalabhavan

റിയാദ് : ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്തു ‘ഇരകള്‍’ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ കാണികള്‍ ശ്വാസം അടക്കിപ്പിടിച്ചു. നെടുവീര്‍പ്പിട്ട ചലരുടെ കണ്ണുകള്‍ നിറഞ്ഞു.

Advertisment

അമ്മയുടെ രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കഷ്ണം തുണിയില്‍ തൂങ്ങിനിന്നു. ഒഐസിസി വനിതാ വേദി ഒരുക്കിയ ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടിയില്‍ റിയാദ് കലാഭവന്‍ അവതരിപ്പിച്ച ‘ഇരകള്‍’ ലഘുനാടകമാണ് ഉളളുലയ്ക്കുന്ന കാഴ്ച അരങ്ങിലെത്തിച്ചത്.


കുരുന്നുകളെ മയക്കുമരുന്നു വാഹകരാക്കുന്നതും അവരെ ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രംഗാവിഷ്‌കാരമായി മാറി. കൗമാരത്തിന്റെ ചോരത്തിളപ്പ് ആളിക്കത്തിക്കുന്ന സൈബറിടങ്ങളും പെണ്‍കുട്ടികളെ ലൈഗിക ചൂഷണത്തിന് ഇരകളാക്കുന്ന ചതിക്കുഴികളും അനാവരണം ചെയ്യുന്ന രംഗങ്ങള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയുളളവരാകണമെന്ന സന്ദേശം കൂടി പങ്കുവെയ്ക്കുന്നു.


ഇരകളായി മാറുന്ന കുടുംബങ്ങളോട് യൂടൂബര്‍മാര്‍ പുലര്‍ത്തുന്ന അനൗചിത്യം രംഗാവിഷ്‌കരണത്തില്‍ തുറന്നുകാട്ടി. പൊലീസ് പുലര്‍ത്തുന്ന നിസംഗതയും പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ണുതുറപ്പിക്കുന്ന രംഗങ്ങളാണ്.


പ്രവാസികളുടെ നെഞ്ചില്‍ കൂരമ്പായി തറയ്ക്കുന്ന സംഭാഷണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. “സാമ്പത്തികമായി കുറച്ച് മുന്നോട്ടു വരുമ്പഴേ, മുന്തിയ യൂണിവേഴ്‌സിറ്റിയില്‍ പറഞ്ഞുവിട്ട്, കൂടിയ ഡിഗ്രിയെടുക്കാന്‍ പറഞ്ഞുവിടുമ്പോള്‍ വഴിക്കാശിനും വണ്ടിക്കാശിനും ഹോസ്റ്റല്‍ ഫീസൊന്നൊക്കെപ്പറഞ്ഞ് കൊടുത്തുവിടുന്ന പണത്തിന്റെ അളവ് എങ്ങനെയാ ചെലവഴിക്കുന്നതെന്ന് നമ്മള്‍ തിരക്കണം. അല്ലെങ്കിലേ അന്ത്യകുദാശ പാടാന്‍നേരത്ത് കൂട്ടിനൊരു കുഞ്ഞുണ്ടാവില്ല..!” ഓരോ പ്രവാസി കുടുംബങ്ങള്‍ക്കുളള സന്ദേശവും ഓര്‍മ്മപ്പെടുത്തലുമായിരുന്നു ഇത്.


ദൈവം നല്‍കിയ മാതാപിതാക്കളെ കൊല്ലാന്‍ എംഡിഎമ്മെയോ, കഞ്ചാവോ, ബ്രൗണ്‍ ഷുഗറോ എന്തുമാവട്ടെ, എന്തിനാ കാലാ അതിനെ ഏല്‍പ്പിച്ചതെന്ന ചോദ്യത്തോടെയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ‘ഇരകള്‍’ അവസാനിക്കുന്നത്.


ഷാരോണ്‍ ഷറീഫ് ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഭാവാഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേയ്ക്കു കാണികളെ കൊണ്ടുപോയ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത് ദില്‍ഷ വിനീഷ് ആണ്. മുഹമ്മദ് ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, റംഷി മുത്തലിബ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്.


റിയാദ് കലാഭവന്‍ പ്രവര്‍ത്തകരായ അലക്‌സ് കൊട്ടാരക്കര (പശ്ചാത്തല നിയന്ത്രണം), സിജോ ചാക്കോ (കോര്‍ഡിനേറ്റര്‍), വിജയന്‍ നെയ്യാറ്റിന്‍കര (ക്യാമ്പ് നിയന്ത്രണം), ഷാജഹാന്‍ കല്ലമ്പലം (കണ്‍ട്രോളര്‍), കൃഷ്ണകുമാര്‍ (മ്യൂസിക് റക്കോര്‍ഡിംഗ്), നിസാം പൂളക്കല്‍ (സാങ്കേതിക സഹായം), അസീസ് ആലപ്പി (ഓഫീസ് നിര്‍വ്വഹണം), ഷിബു ചെങ്ങന്നൂര്‍ (സാരഥി) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

Advertisment