ജിദ്ദ: ചൊവാഴ്ച സൗദിയിലുണ്ടായ ഒരു റോഡപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട്, കൊടുവള്ളി സ്വദേശിയും ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേ ചെവിടൻ അബ്ദുൽ മജീദ് മുസ്‍ല്യാർ - ഷെറീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.
ജിദ്ദ - ജിസാൻ റോഡിൽ ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അല്ലൈത്ത് തീരദേശ പട്ടണത്തിന് സമീപം പുലർച്ചെയായിരുന്നു സംഭവം. സ്റ്റേഷനറി സാധനങ്ങളുമായി ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് പോകും വഴി ഇദ്ദേഹത്തിന്റെ ഡൈന വാഹനം ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. മുഹമ്മദ് ബാദുഷ തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഒരു വർഷം മുമ്പാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്. ജാമിഅ ഖുവൈസ ഏരിയയിലായിരുന്ന ജിദ്ദയിലെ താമസം. കെ എം സി സി അല്ലൈത്ത് കമ്മിറ്റി, ജിദ്ദ വെൽഫയർ വിങ് എന്നിവയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തീകരിച്ചു വരുന്നു.