/sathyam/media/media_files/2025/08/25/sajex-puraskkaram-2025-08-25-18-51-46.jpg)
ജിദ്ദ: ചെങ്കടലിന്റെ റാണി മൂന്ന് നാൾ സ്വർണാഭരണങ്ങളും മുത്തു വർണക്കല്ലുകളുമണിഞ്ഞു വിഭൂഷിതയാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുതുപുത്തൻ സ്വർണ - രത്‌നാഭരണങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന 'ദി വേൾഡ് ജെം & ജ്വല്ലറി ഷോ' ("സജെക്സ് 2025") സെപ്റ്റംബർ 11 മുതൽ 13 വരെ ജിദ്ദയിൽ അരങ്ങേറുകയാണ്. ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ജി ജെ ഇ പി സി) യുമായി സഹകരിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന "സജെക്സ് 2025" ജെം ആൻഡ് ജ്വല്ലറി ഷോ ആഭരണപ്രേമികൾക്കും വ്യവസായ തൽപരർക്കും ഒരുപോലെ ആവേശം പകരും.
ജിദ്ദയിലെ സൂപ്പർഡോം ആണ് സജെക്സ് 2025 ന്റെ വേദി. ലോകത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകളും ഡിസൈനർമാരും അവരുടെ ഏറ്റവും പുതിയ ആഭരണ ഉല്പന്നവുമായി എത്തുന്ന ആഭരണ പ്രദർശനം പ്രയോജനപ്പെടുത്താൻ രാജ്യാന്തര തലത്തിലുള്ള വ്യവസായികളെയും ഉപഭോക്താക്കളെയും സന്ദർശകരെയും സംഘാടകർ സ്വാഗതം ചെയ്തു.
ചെങ്കടലിന്റെ റാണിയ്ക്ക് ആഭരണ ചാരുത ചാർത്തുന്ന സജെക്സ് 2025 ഷോ ഹോങ്കോംഗ്, യു എ ഇ, സൗദി അറേബ്യ, തായ്‌ലൻഡ്, ലെബനൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദർശകരിൽ നിന്ന് ആഭരണങ്ങൾ നേരിട്ട് വാങ്ങാനുള്ള അപൂർവ അവസരമാണ്. അതിന് പുറമേ, അപൂർവ ശേഖരങ്ങൾ പരിചയപ്പെടാനും മികച്ച ഡിസൈനർമാരുമായി സംവദിക്കാനുമുള്ള അവസരവും സജെക്സ് 2025 നൽകും.
ലോകത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകളും ഡിസൈനർമാരും അവരുടെ ഏറ്റവും പുതിയ സൃഷ്ടികളുമായി എത്തുന്ന സജെക്സ് 2025 ആഭരണപ്രേമികൾക്കും വ്യവസായ തൽപരർക്കും ഒരുപോലെ ആവേശം പകരും.
ലോകോത്തര നിലവാരത്തിലുള്ള വജ്രങ്ങൾ, സ്വർണ്ണം, പ്ലാറ്റിനം, വിലയേറിയ രത്നങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച അതിമനോഹരമായ ആഭരണങ്ങളുടെ അദ്വിതീയമായ ശേഖരം സജെക്സിന്റെ പ്രധാന ആകർഷണമായി സന്ദർശകരെ വശീകരിക്കും. ഇന്ത്യയുടെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന കരകൗശലവിദ്യയുടെ പൂർണ്ണതയും, വിദേശ ഡിസൈനുകളുടെ പുതുമയും ഒത്തുചേരുന്നുവെന്നത് സജെക്സ് 2025 നെ വേറിട്ടതാക്കും.
രാജ്യാന്തര സന്ദർശക രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. QR കോഡ് സ്കാൻ ചെയ്തും. https://iijs.gjepc.org/r/67adb88b12a94c3291c3d953 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തും ലോകത്തെവിടെ നിന്നുള്ളവർക്കും ഷോയുടെ ഭാഗമാകാം.