/sathyam/media/media_files/2025/09/18/super-7-football-tournament-2-2025-09-18-17-43-13.jpg)
ജിദ്ദ: ദീർഘകാലം ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയും നിരവധി തവണ ഐക്യരാഷ്ട്ര സഭയിലെ രാജ്യത്തിന്റെ പ്രതിനിധിയുമായിരുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഇ അഹമ്മദിന്റെ നാമധേയത്തിൽ കെ എം സി സി ജിദ്ദാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന "ഇ അഹമ്മദ് സാഹിബ് സൂപ്പർ - 7" ഫുട്ബാൾ ടൂർണമെന്റ് നാളെ (സെപ്റ്റംബർ 19 വെള്ളി) കൊടിയേറും. ഒക്ടോബർ 10 വരെയുള്ള വാരാന്ത്യങ്ങളിൽ ജിദ്ദ മഹ്ജർ എമ്പറർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
സൗദിയിലെ 8 മേജർ ക്ലബ്ബുകൾ തമ്മിലും, ജിദ്ദ കെ എം സി സി യുടെ കീഴിലെ 7 ജില്ലാ കമ്മിറ്റികൾ തമ്മിലുമായി രണ്ടു പൂളുകളിലായി അരങ്ങേറുന്ന ടൂർണമെന്റ് ഒക്ടോബർ 10ന് കൊടിയിറങ്ങും.
ഉൽഘാടന ദിവസത്തെ ആദ്യ മത്സരത്തിൽ വയനാട് ജില്ലാ കെ എം സി സി ടീം, തെക്കൻ ജില്ലകളുടെ കൂട്ടായ്മയായ സൗത്ത് സോൺ കെ എം സി സി ടീമുമായി മത്സരിക്കും. തുടർന്ന് ക്ലബ് വിഭാഗത്തിൽ ടീം അൽഅബീർ എക്സ്പ്രസ്സ്, ഫൈസലിയയുമായി മത്സരിക്കും. ആദ്യ ദിവസത്തിലെ അവസാന മത്സരം ബിറ്റ്ബോൾട്ട്, എൻകോൺഫോർട്സ് എന്നീ ടീമുകൾ തമ്മിലായിരിക്കും.
സാംസ്‌കാരിക ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, വൻ ജനപങ്കാളിത്തത്തോടെയുള്ള വർണാഭമായ മാർച്ച് പാസ്റ്റ് എന്നിവ ടൂർണമെന്റ് ഉദ്‌ഘാടനത്തിന് ഉത്സവഛായ പകരും.
"ഇ അഹമ്മദ് സാഹിബ് സൂപ്പർ - 7 " വിജയികളെ കാത്തിരിക്കുന്നത് 35,000 റിയാൽ സമ്മാനമാണെന്നും ഇത് ജിദ്ദ കണ്ടതിൽ വെച്ചേറ്റവും വലിയ പ്രൈസ് മണിയാണെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ വിവരിച്ചു.
"ഇ അഹമ്മദ് സാഹിബ് സൂപ്പർ - 7" ട്രോഫി അനാച്ഛാദനവും ഫിസ്ച്ചർ റിലീസിങ്ങും ജെ.എൻ. എച് മാനേജിങ്ങ് ഡയറക്ടർ വി പി മുഹമ്മദലി സാഹിബ് ഉത്ഘാടനം നിർവഹിച്ചു. നിറപ്പകിട്ടാർന്ന പശ്ചാത്തലത്തിൽ ചെറിയ കുട്ടികൾ ചേർന്നായിരുന്നു ട്രോഫികൾ സ്റ്റേജിലെത്തിച്ചത്. ആക്ടിങ് പ്രസിഡണ്ട് എ കെ ബാവ അധ്യക്ഷത വഹിച്ചു.
ജിദ്ദയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ, ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ കമ്മിറ്റികളിലെ ഭാരവാഹികൾ, ജിദ്ദ വനിതാ നേതാക്കൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ എന്നിവരുൾപ്പെടുന്ന വലിയ സദസ്സിന്റെ സാന്നിധ്യത്തിലായിരുന്നു ട്രോഫി - ഫിക്സർ അനാവരണം.
ജിദ്ദയിലെ ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബ്കളുടെ പൊതുവേദി "സിഫ്" പ്രസിഡണ്ട് ബേബി നീലാംമ്പ്ര, നിസാം മമ്പാട്, നാസർ വെളിയങ്കോട്, ഹക്കീം പാറക്കൽ, ഷിബു തിരുവനന്തപുരം, കെ ടി എ മുനീർ, ഇസ്മായിൽ മുണ്ടകുളം, സി കെ എ റസാഖ് മാസ്റ്റർ, സി എ ച് ബഷീർ, സക്കറിയ ആരളം, പ്രധാന സ്പോണ്സർമാരായ സിബിൽ (എ ബി സി കാർഗോ), മുസ്തഫ മൂപ്ര (വിജയ് മസാല), സുനീർ (അൽഅർകാസ്) എന്നിവർ ആശംസകൾ അർപ്പിച്ചു.
സുബൈർ വട്ടോളി ബെലോ ബ്രീഫിങ്ങും, ഷൌക്കത്ത് ഞാറക്കോടൻ ഫിക്സ്ചർ റിലീസിംഗും നിർവഹിച്ചു. വിവിധ ടീം മാനേജര്മാരുടെ സാനിധ്യത്തിൽ നറുക്കെടുത്തു ഫിക്സ്ചർ രൂപപ്പെടുത്തിയത്. ഇസ്ഹാഖ് പൂണ്ടോളി, അബു കട്ടുപ്പാറ, ഫത്താഹ് താനൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി പി മുസ്തഫ സ്വാഗതവും അഷ്‌റഫ് താഴേക്കോട് നന്ദിയും രേഖപ്പെടുത്തി.
വാർത്താ സമ്മേളനത്തിൽ ആക്ടിങ്ങ് പ്രസിഡണ്ട് എ കെ ബാവ, ജനറൽ സെക്രട്ടറി വി പി മുസ്തഫ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ഭാരവാഹികളായ ഷൌക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി എന്നിവർ പങ്കെടുത്തു.
ഇ അഹമ്മദ് സാഹിബ് സൂപ്പർ 7 ടൂർണമെന്റ് വിജയകരമാക്കുന്നതിന് ജിദ്ദ കെ എം സി സിയുടെ വിവിധ ഘടകങ്ങൾ വിവിധ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ജനകീയ പ്രോഗ്രാമുകൾ, സോഷ്യൽ മീഡിയ പ്രചാരണം, ആകർഷകമായ സമ്മാന കൂപ്പണുകളുടെ വിതരണം മുതലായവ പരിപാടികളിലൂടെ പ്രവാസി ഇന്ത്യക്കാരുമായി അടുത്തിടപഴകുകയും എപ്പോഴും പ്രവാസി പ്രശ്‌നങ്ങൾ കേൾക്കാനും വേണ്ട സഹായങ്ങൾ ചെയ്‌തു കൂടെ നിൽക്കുകയും ചെയ്ത മഹാനായ ഒരു നേതാവിന്റെ സ്മരണയിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ജിദ്ദ പ്രവാസി സമൂഹം ഏറ്റെടുക്കുമെന്ന പ്രത്യാശയിലാണ് ജിദ്ദ കെ എം സി സി.
കെ എം സി സിയുടെ ജീവ കാരുണ്യ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തങ്ങളോടൊപ്പം, പ്രവാസി യുവാക്കൾക്കിടയിൽ സ്‌പോർട്‌സ്മാൻഷിപ്പ്, ടീം വർക്ക്, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിച്ചു ഉല്ലസിക്കാൻ അവസരമൊരുക്കുക, സംഘടനാ പ്രവർത്തകരെ പ്രവർത്തനക്ഷമമാക്കുക തുടങ്ങി ഉദ്ദേശ്യങ്ങളോടെയാണ് കലാ - കായിക - സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കെ എം സി സി നേതാക്കൾ വിവരിച്ചു.
കഴിഞ്ഞ ജനുവരി മാസം ജിദ്ദയിൽ ഏറെ ആവേശമുയർത്തിയ വടംവലി മത്സരവും അരങ്ങേറിയിരുന്നു.