/sathyam/media/media_files/2025/09/30/oicc-malappuram-remembrance-2025-09-30-18-38-22.jpg)
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
മതേതരത്വം ജീവിത ചര്യയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഒ ഐ സി സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ അഭിപ്രായപ്പെട്ടു.
ഏറെ വെല്ലുവിളികൾ അതിജീവിച്ച് ഏറനാടൻ മണ്ണിൽ നിന്ന് നാന്ദി കുറിച്ച രാഷ്ട്രീയ ഇതിഹാസം ആയിരുന്നു ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ പൊതു ജീവിതമെന്ന് പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു.
മികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടിക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. ആര്യാടന്റെ പ്രവർത്തന കാലം കേരള രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ശ്രദ്ധേയമായ ഒരദ്ധ്യായമാണെന്നും പ്രസംഗകർ വിശേഷിപ്പിച്ചു.
ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നാസർ കോഴിത്തൊടി, അബ്ദുൽ ഖാദർ എറണാകുളം, ജലീഷ് കാളികാവ്, ഗഫൂർ വണ്ടൂർ, മുസ്തഫ ചേളാരി, എം ടി അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടുകാവിൽ, സിപി മുജീബ് കാളികാവ്, സൽമാൻ ചോക്കാട്, എന്നിവർ സംസാരിച്ചു.
സെക്രട്ടറി യു എം ഹുസൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. നൗഷാദ് ബഡ്ജറ്റ്, അനസ് തുവ്വൂർ എന്നിവർ നേതൃത്വം നൽകി.