/sathyam/media/media_files/2025/10/02/saudi-ai-2025-10-02-18-35-18.jpg)
ജിദ്ദ: പാരീസിലെ ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്‌കോ) യുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേൽനോട്ട അതോറിറ്റികളിൽ (GNAIS) സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) അംഗത്വം നേടി.
ലോകമെമ്പാടുമുള്ള മേൽനോട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, വൈദഗ്ധ്യവും അറിവും കൈമാറ്റം ചെയ്യുക, നിർമിത ബുദ്ധിയുടെ ഡിജിറ്റൽ എത്തിക്സ് പരിപാലിക്കുക, വിവിധ മേഖലകളിലുടനീളം എഐ മേൽനോട്ടത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുക, ഏകീകൃത ഉപകരണങ്ങളും മാനദണ്ഡങ്ങളും വികസിപ്പിച്ചെടുക്കുക തുടങ്ങിയവക്കുള്ള ആഗോള വേദിയാണ് ഈ ശൃംഖല.
എഐ മേഖലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും ചട്ടക്കൂടുകളും രൂപപ്പെടുത്തുന്നതിൽ പങ്കാളിയായിതീരുകയും ചെയ്യുന്നതിലൂടെ രാജ്യാന്തര തലത്തിൽ സൗദി അറേബ്യ നേടുന്ന ഒരു സുപ്രധാന പദവിയാണ് ഈ അംഗത്വം.
ഇതുമൂലം വിവര വിനിമയം, ഈ മേഖലയിലെ തിരഞ്ഞെടുത്ത സ്പെഷ്യലിസ്റ്റുകളുമായി മികച്ച രീതികളുടെയും ആഗോള അനുഭവങ്ങളുടെയും കൈമാറ്റം എന്നിവയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേൽനോട്ടത്തിൽ ദേശീയ ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ മേഖലയിലെ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കുന്നതിൽ ആഗോള വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള അവസരങ്ങളാണ് രാജ്യത്തിന് കരഗതമാകുന്നത്.
ആഗോള തലത്തിൽ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സൗദിയുടെ സജീവവും സ്വാധീനശക്തിയുള്ളതുമായ പങ്കിനെയും ഡാറ്റ, കൃത്രിമബുദ്ധി മേഖലകളിലെ സൗദിയുടെ സ്ഥാനത്തെയുമാണ് അംഗത്വം പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ മറ്റൊരു നേട്ടം കൂടിയാണ് ഇതിലൂടെ സൗദി ആർജിച്ചെടുത്തിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ആഗോള ഹൈ-ലെവൽ നെറ്റ്‌വർക്ക് ഓഫ് എഐ മേൽനോട്ട വേദികളുടെ ആദ്യ യോഗത്തിൽ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) പ്രതിനിധികളും പങ്കെടുത്തു.
എഐ മേൽനോട്ട സാങ്കേതികവിദ്യകൾക്കായുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.