/sathyam/media/media_files/2025/10/23/dr-swalih-bin-2025-10-23-15-04-30.jpg)
ജിദ്ദ: സൗദി അറേബ്യയുടെ പുതിയ മുഖ്യമുഫ്‌തി പദവിയിൽ രാജ്യത്തെ പ്രഗൽഭ പണ്ഡിതൻ ഡോ. സ്വാലിഹ് ബിന്‍ ഫൗസാൻ ബിൻ അബ്ദുല്ലാഹ് അൽഫൗസാൻ നിയമിതനായി.
ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നിയമനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരൻ ഇക്കാര്യത്തിൽ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ഭരണാധികാരി പുതിയ നിയമനത്തിന് ഉത്തരവിടുകയായിരുന്നു.
മുഖ്യമുഫ്‌തി പദവിയോടൊപ്പം ഉന്നത പണ്ഡിത സമിതിയുടെയും പൊതു വൈജ്ഞാനിക ഗവേഷണ വിഭാഗത്തിന്റെയും അദ്ധക്ഷ പദവിയും ഡോ. ഫൗസാൻ വഹിക്കും.
കഴിഞ്ഞ മാസം 23 ന് ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് മരണപ്പെട്ടതിനെ തുടർന്നാണ് രാജ്യത്തെ മുഖ്യമുഫ്‌തി പദവിയിൽ ഒഴിവ് വന്നത്.
മധ്യ സൗദിയിലെ അല്‍ഖസീം പ്രവിശ്യയിൽ 1935 ൽ ജനിച്ച ഡോ. സ്വാലിഹ് ബിന്‍ ഫൗസാൻ ദീര്‍ഘകാലമായി സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സമിതി അംഗമാണ്.
റിയാദിലെ ശരിഅ കോളേജില്‍ നിന്ന് ബിരുദവും ഫിഖ്ഹില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം റിയാദിലെ കിങ് ഫഹദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.
നിരവധി കാലമായി സൗദി റേഡിയോയില്‍ ജനപ്രിയ വൈജ്ഞാനിക ചോദ്യോത്തര പരിപാടിയായ 'നൂറുൻ അലദ്ദര്‍ബ്' (വഴിവിളക്ക്) എന്ന പരിപാടി കൈകാര്യം ചെയ്യുന്ന പുതിയ മുഖ്യമുഫ്‌തി ഇസ്ലാമിക വിശ്വാസം, ഫിഖ്ഹ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ 35 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us