/sathyam/media/media_files/2025/10/29/new-e-passport-2025-10-29-16-00-41.jpg)
ജിദ്ദ: ഇലക്ട്രോണിക് മൈക്രോ ചിപ്പ് ഘടിപ്പിച്ച പുതിയ ഇന്ത്യൻ ഇ-പാസ്പോര്‍ട്ടുകളുടെ വിതരണം ജിദ്ദയിൽ ഇന്ത്യന്‍ കോണ്‍സൽ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങിൽ വെച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അപേക്ഷകരായ എട്ടു പേര്‍ക്ക് കോൺസൽ ജനറൽ പുതിയ പാസ്പോർട്ട് കൈമാറി.
പുതിയ ഡിജിറ്റൽ പാസ്സ്‌പോർട്ട് 36 പേജുകൾ അടങ്ങുന്നതാണ്. പാസ്പോര്‍ട്ട് ഉടമയുടെ ഫോട്ടോ ഉള്‍പ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും പാസ്സ്പോർട്ടിനകത്തെ ചിപ്പില്‍ ചേർത്തിട്ടുണ്ടാകും.
മെച്ചപ്പെട്ട സുരക്ഷയും ആഗോള തലത്തിലെ എമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ നടപടികളുടെ വേഗവും പുതിയ പാസ്സ്പോർട്ടിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ്.
നിലവില്‍ പാസ്പോര്‍ട്ട് കാലാവധി ബാക്കി നില്‍ക്കുന്നവര്‍ക്ക് പുതിയ ഇ-പാസ്പോര്‍ട്ടിന് കാലാവധി തീരുന്ന ശേഷം മാത്രമേ അപേക്ഷിക്കാനാകൂ.
നിലവിലെ പാസ്‌പോർട്ടുകൾ അവയുടെ കാലാവധി കഴിയുന്നതുവരെ സാധുവായിരിക്കുമെന്നും അവയുടെ കാലാവധി കഴിയുന്നതോടെ മാത്രമേ പുതിയ ഇ- പാസ്സ്പോർട്ടിന് അപേക്ഷിക്കാവൂ എന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 24-ന് മുമ്പ് അപേക്ഷിച്ചവർക്ക് പഴയ പാസ്‌പോർട്ടുകൾ തന്നെയാണ് ലഭിക്കുകയെന്നും അറിയിപ്പ് തുടർന്നു.
ഔദ്യോഗിക പാസ്‌പോർട്ട് സേവാ വെബ്സൈറ്റ് വഴി ഡിജിറ്റൽ പാസ്‌പോർട്ടുകൾക്കായി അപേക്ഷിക്കാം. അപേക്ഷാ ഫീസില്‍ മാറ്റങ്ങളൊന്നുമില്ലെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ 150ലധികം രാജ്യങ്ങൾ ഇ - പാസ്സ്‌പോർട്ട് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോൾ സൗദി പ്രവാസികളായ ഇന്ത്യക്കാർക്കും ഇവ ലഭിച്ചു തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us