/sathyam/media/media_files/2026/01/26/loka-kerala-sabha-members-2026-01-26-22-23-01.jpg)
ലോക കേരളസഭയുടെ അഞ്ചാം പതിപ്പില്‍ പങ്കെടുക്കുന്ന ജിദ്ദയില്‍ നിന്നുള്ള പ്രതിനിധികള്‍. ഇടത്ത് നിന്ന് - ഡോ. ഷിബു തിരുവനന്തപുരം, അബ്ദുള്ള മുല്ലപ്പള്ളി, ലാലു, സലാഹുദീന്‍ കൊഞ്ചിറ.
ജിദ്ദ: ആഗോള പ്രവാസി മലയാളികളുടെ കണ്ണീരും കിനാവുകളും ഗൗരവതരമായ ചർച്ചകൾക്കും തുടർ നടപടികൾക്കും വിധേയമാവുന്ന ലോക കേരളസഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29ന് വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉദ്‌ഘാടനാനന്തരം 30, 31 തീയതികളിൽ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഔദ്യോഗിക ചർച്ചകളും സെഷനുകളും അരങ്ങേറുക.
ഏതാണ്ട് 125 രാജ്യങ്ങളിൽ നിന്നും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന അഞ്ചാം ലോക കേരളസഭയിലേക്ക് ജിദ്ദയിൽനിന്ന് നാല് പ്രതിനിധികൾക്കാണ് അംഗത്വം ലഭിച്ചിട്ടുള്ളത്.
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, രക്ഷാധികാരികളായ അബ്ദുള്ള മുല്ലപ്പള്ളി, സലാഹുദ്ധീൻ കൊഞ്ചിറ, യുവജന വേദി കൺവീനർ ലാലു എന്നിവരാണ് ജിദ്ദാ പ്രതിനിധികൾ.
ഭൂമിശാസ്ത്രപരമായ ഏഴ് മേഖലകളിലായി തിരിച്ചുള്ള ചർച്ചകളും എട്ട് പ്രത്യേക വിഷയങ്ങളിലൂന്നിയ ചർച്ചകളുമാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുക.
പ്രവാസികളുടെ ക്ഷേമം, നിക്ഷേപം, പുനരധിവാസം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് ലോക കേരളസഭയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. അവയുടെ നിർവഹണത്തിൽ സഹകരണവും.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ അവസാന ലോക കേരളസഭ എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മ, പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ആഗോള വേദി എന്നീ ഉദ്യേശങ്ങളോടെ 2018ൽ കേരള സർക്കാർ രൂപം കൊടുത്തതാണ് ലോക കേരളസഭ.
പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും സമ്പത്തും കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുക, ജനാധിപത്യപരമായ രീതിയിൽ പ്രവാസികളെയും നിയമസഭാ സാമാജികരെയും ഒരുമിച്ചിരുത്തി പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന നിലയിൽ പരക്കെ പ്രശംസ പിടിച്ചെടുത്ത സംവിധാനത്തിന്റെ അഞ്ചാമത് പതിപ്പാണ് ഇപ്പോൾ പുനഃസംഘടിപ്പിച്ചിട്ടുള്ളത്.
പ്രവാസി മലയാളികളുടെ ശബ്ദം കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ നേരിട്ടെത്തുന്നു എന്നത് എല്ലാ വിമർശനങ്ങൾക്കിടയിലും ലോക കേരളസഭയുടെ വേറിട്ട ധർമം.
2022ലെ മൂന്നാമത് ലോക കേരളസഭയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് സമ്മേളനം, അമേരിക്കൻ സമ്മേളനം എന്നിങ്ങനെ മേഖലാടിസ്ഥാനത്തിലുള്ള സംഗമങ്ങളും ചേരുകയുണ്ടായി. നാലാം പതിപ്പ് എന്ന നിലയിൽ 2024 ജൂണിലാണ് ഒടുവിലായി ലോക കേരളസഭ ചേർന്നത്.
ലോക കേരളസഭയെന്നത് വെറും സമ്മേളനം മാത്രമല്ലെന്നും പ്രവാസ മലയാളികളുടെ ആശങ്കകളും പ്രതീക്ഷകളും ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശക്തമായ വേദിയാണ് അതെന്നും ജിദ്ദയിൽ നിന്നുള്ള പ്രതിനിധി ഡോ. ഷിബു തിരുവനന്തപുരം പറഞ്ഞു.
കഴിഞ്ഞ ലോക കേരളസഭ രുപംകൊടുത്ത പ്രവാസി കുടുംബ സുരക്ഷ പദ്ധതി പൂര്‍ണ തോതിൽ വന്ന് കഴിഞ്ഞ സാഹചര്യത്തിലാണ് അഞ്ചാമത് സഭ ചേരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us