സൗദി ഭരണരംഗത്ത് വിപുലമായ പുനഃസംഘടന; ഗവര്‍ണര്‍മാരില്‍ മാറ്റങ്ങളും പുതിയ നിയമനങ്ങളും

author-image
സൌദി ഡെസ്ക്
New Update
salman bin abdul azis

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഗവര്‍ണര്‍മാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും ഉള്‍പ്പെടുത്തി ഭരണ സംവിധാനത്തില്‍ വ്യാപകമായ പുനഃസംഘടന പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകീയ ഉത്തരവുകള്‍ പുറത്തിറക്കി. 

Advertisment

ഭരണനടപടികള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍.

പ്രഖ്യാപനമനുസരിച്ച്, തായിഫ് ഗവര്‍ണറായിരുന്ന അമീര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് അല്‍ സൗദിനെയും ദിരിയ ഗവര്‍ണറായിരുന്ന അമീര്‍ ഫഹദ് ബിന്‍ സാദ് ബിന്‍ അബ്ദുള്ള അല്‍ സൗദിനെയും നിലവിലെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഇരുവര്‍ക്കും ഭരണരംഗത്ത് മറ്റ് പ്രധാന ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

പുതിയ ക്രമീകരണപ്രകാരം, അമീര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് അല്‍ സൗദിനെ മദീന മേഖലയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. 

അതോടൊപ്പം, അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിനെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. ഇരു നിയമനങ്ങളും എക്‌സലന്റ് റാങ്കോടെയാണ് നടപ്പിലാക്കിയിരിക്കുന്നത്.

തായിഫ് ഗവര്‍ണര്‍ സ്ഥാനത്ത് അമീര്‍ ഫവാസ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് നിയമിതനായി. ചരിത്രപരമായ പ്രാധാന്യമുള്ള ദിരിയയുടെ പുതിയ ഗവര്‍ണറായി അമീര്‍ റാകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ നിയമിച്ചു. 

കൂടാതെ, മുന്‍ ദിരിയ ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ സാദ് ബിന്‍ അബ്ദുള്ളയെ അല്‍-ബാഹ മേഖലയിലെ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിനുപുറമെ മന്ത്രാലയ തലത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ടൂറിസം മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിയായിരുന്ന ഹൈഫ ബിന്‍ത് മുഹമ്മദ് അല്‍ സൗദിനെ ആ സ്ഥാനത്ത് നിന്ന് മാറ്റി, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ എക്‌സലന്റ് റാങ്കോടെ ഉപദേശകയായി നിയമിക്കുന്നതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണസംവിധാനം ശക്തിപ്പെടുത്തുകയും ഭാവി വികസന പദ്ധതികള്‍ക്ക് വേഗം നല്‍കുകയും ചെയ്യുന്നതിനുള്ള നടപടികളായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.

Advertisment