/sathyam/media/media_files/r2OfiTFPjgjSUmaTM7E9.jpg)
ജിദ്ദ: എണ്ണയുടെ പ്രതിദിന ഉത്പാദനം കൂടുതലായി പത്തു ലക്ഷം ബാരൽ എന്ന തോതിൽ വെട്ടിക്കുറയ്ക്കാൻ സ്വമേധയാ എടുത്ത തീരുമാനം നവംബർ, ഡിസംബർ മാസങ്ങളിൽ കൂടി തുടരാൻ സൗദി അറേബ്യ തീരുമാനിച്ചു. വെട്ടിക്കുറയ്ക്കൽ കടുപ്പത്തിലാക്കണോ അതോ ഉൽപാദനം കൂട്ടണോ എന്ന കാര്യത്തിലുള്ള തീരുമാനം അടുത്ത മാസം പരിഗണിക്കുകയും ചെയ്യും. സൗദി പ്രസ് ഏജൻസി പുറത്തുവിട്ട സൗദി ഊർജ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
അതോടൊപ്പം, നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ, അടുത്ത ഡിസംബർ അവസാനം വരെ കയറ്റുമതിയിൽ പ്രതിദിനം മൂന്ന് ലക്ഷം ബാരൽ തോതിൽ സ്വമേധയാ കുറവ് തുടർത്തുമെന്ന് റഷ്യയും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് സൗദി അറേബ്യ പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷം ബാരൽ തോതിലെന്ന വെട്ടിക്കുറയ്ക്കൽ തീരുമാനം നടപ്പാക്കിത്തുടങ്ങിയത്. പിന്നീടത് മാസാടിസ്ഥാനത്തിൽ നീട്ടുകയുമായിരുന്നു. ഏപ്രിൽ മുതൽ സൗദി അറേബ്യ പ്രതിദിന ഉൽപാദനത്തിൽ അഞ്ച് ലക്ഷം ബാരൽ തോതിൽ സ്വമേധയാ കുറവ് വരുത്തിയിരുന്നു. ഇത് അടുത്ത വർഷം ഡിസംബർ അവസാനം വരെ തുടരും. ഇതിന് പുറമെയാണ് ജൂലൈ മുതൽ പ്രതിദിന ഉൽപാദനത്തിൽ സ്വമേധയാ പത്തു ലക്ഷം ബാരലിന്റെ അധിക കുറവ് വരുത്തിയത്.
എണ്ണ വിപണിയുടെ സ്ഥിരതക്കും സന്തുലിതാവസ്ഥക്കും പിന്തുണ നൽകാൻ ലക്ഷ്യമിട്ട് ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങൾക്ക് കരുത്ത് പകരാൻ വേണ്ടിയാണ് പ്രതിദിന ഉൽപാദനത്തിൽ സൗദി അറേബ്യ സ്വമേധയാ അധിക കുറവ് വരുത്തിയിരിക്കുന്നതെന്ന് ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
സൗദിയും മറ്റ്​ ഒപെക് രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ വ്യക്തമാക്കി. ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും കമ്പോള നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us