"അധിനിവേശം, ഫലസ്തീനികളുടെ അവകാശ ധ്വംസനം, പുണ്യസ്ഥലങ്ങളിൽ ദിനേനയുള്ള വർദ്ധിച്ച കയ്യേറ്റങ്ങൾ... സംഘർഷത്തിന്  മുഖ്യഹേതു ഇസ്രായേൽ; ആഗോള സമൂഹം കടമ നിറവേറ്റുകയും വേണം" - മുസ്ലിം രാഷ്ട്രങ്ങളുടെ രാജ്യാന്തര വേദി

New Update
oic saudi

ജിദ്ദ: ഇസ്ലാമിക രാജ്യങ്ങളുടെ രാജ്യാന്തര വേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി അടിയന്തിരവും അസാധാരണവുമായ സ്വഭാവത്തോടെ മന്ത്രിതല യോഗം ചേരണമെന്ന് സംഘടനയുടെ നിലവിലെ ചെയർമാൻ പദവി അലങ്കരിക്കുന്ന സൗദി അറേബ്യ നിർദേശിച്ചു. ഒഐസി സെക്രട്ടറി ജനറലിനോടാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇക്കാര്യം ഉപദേശിച്ചത്. 

Advertisment

നൂറു കണക്കിന് സാധാരണ ഫലസ്തീൻ മക്കളുടെ ജീവഹാനിക്കും ആയിരക്കണക്കിന് പേർക്ക് പരിക്കുകൾക്കും ഇടയാക്കി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക അതിക്രമങ്ങളെ ഒഐസി ആവർത്തിച്ച് അപലപിച്ചു. ഇസ്രായേൽ തുടരുന്ന അധിനിവേശം, ഫലസ്തീനികളുടെ അവകാശം കവരുകയും അവരുടെ സ്വാതന്ത്ര്യം തടയുകയും പുണ്യസ്ഥലങ്ങളിൽ ദിനേനയെന്നോണം വർദ്ധിച്ച തോതിൽ നടത്തി കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങൾ, രാജ്യാന്തര നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ എന്നിവയൊക്കെയാണ് മേഖലയെ അസ്വസ്ഥപ്പെടുത്തുന്നതിൽ മുഖ്യകാരണങ്ങളെന്ന് ഒഐസി വിശദീകരിച്ചു.

അതോടൊപ്പം, ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും അവരുടെ അതിക്രമങ്ങളിൽ നിന്ന് ഫലസ്തീൻ ജനതയ്ക്ക് സംരക്ഷണം നൽകുന്നതിനും രാജ്യാന്തര സമൂഹത്തിന്, പ്രത്യകിച്ച് യുഎൻ രക്ഷാസമിതിയ്ക്ക് ഗൗരവമായ ഉത്തരവാദിത്തം ഉണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ഒഐസി ചൊവാഴ്ച പുറത്തിറക്കിയ പ്രസ്താവന.

ദ്വിരാഷ്ട്ര സംസ്ഥാപനമാണ് ശാശ്വത പരിഹാരമെന്നും ഒഐസി പ്രസ്താവന വ്യക്തമാക്കി. ഇതിനുള്ള സജീവ നടപടികൾ തുടങ്ങണം. അധിനിവേശം അവസാനിപ്പിച്ച് യുഎൻ പ്രമേയങ്ങളുടെയും അറബ് സമാധാന രൂപരേഖയുടെയും അടിസ്ഥാനത്തിൽ 1967 ജൂൺ 4ലെ അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയാണ് നീതിപൂർണമായ പരിഹാരം കൈവരൂവെന്നും ഒഐസി പ്രസ്താവന വിശദീകരിച്ചു.

Advertisment