/sathyam/media/media_files/Yw6AK0K6HdJOxEjq5hwG.jpg)
ഷറഫിയ്യയിലെ ഹറമൈൻ സിയാറ ഓഫീസ് ഉദ്ഘാടനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിക്കുന്നു. (ഫയൽ ഫോട്ടോ)
ജിദ്ദ: സഊദി അറേബ്യയിലെ പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രവും ഇരു ഹറമുകളുടെ കവാട നഗരിയുമായ ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയ്യയിൽ പ്രവർത്തിക്കുന്ന ഹറമൈൻ സിയാറ & ജനറൽ സർവീസ് മുസ്‌ലിം ലീഗ് - സമസ്ത ഐക്യത്തിന്റെ പ്രവാസ ലോകത്തെ പ്രതീകമാവുകയാണ്.
ഷറഫിയ്യയിൽ മലയാളികൾ നടത്തുന്ന നിരവധി സിയാറ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും പ്രമുഖ മത സംഘടനയായ സമസ്തയുടെ പ്രഥമ പ്രവാസി പോഷക ഘടകമായ എസ് ഐ സി യും സഹകരിച്ചു നടത്തുന്ന ഹറമൈൻ സിയാറ വ്യത്യസ്തമായ യാത്രകൾ സംഘടിപ്പിച്ചു മുന്നോട്ട് പോവുകയാണ്.
വർഷങ്ങളായി എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള സിയാറ വിംഗ് ഉംറ, മദീന സിയാറ, പഠനാർഹമായ ടൂർ എന്നിവ സംഘടിപ്പിച്ചു വരുന്നുണ്ട്. ജിദ്ദയിലെ വിവിധ കെഎംസിസി ഘടകങ്ങളും സിയാറ, ടൂർ എന്നിവ നടത്താറുണ്ട്. ഇതിൽ പങ്കെടുക്കുന്നവർ പലപ്പോഴും ഇരു സംഘടനകളുടെയും പ്രവർത്തകരായിരിക്കും.
ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇരു സംഘടനകളും പ്രധാനമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇരു സംഘടനകൾക്കും സംയുക്തമായി സിയാറ & ടൂർ നടത്താമെന്ന ആശയം ഉരുതിരിഞ്ഞുവന്നത്.
എസ്ഐസി ജിദ്ദ സെൻട്രൽ കമ്മിറ്റിയും പെരിന്തൽമണ്ണ സി.എച്ച് സെന്റർ ജിദ്ദ കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് ഇപ്പോൾ ഹറമൈൻ സിയാറ നടത്തുന്നത്. മറ്റു സ്വകാര്യ ഗ്രൂപ്പുകൾ പലതും കച്ചവട താല്പര്യം മുൻ നിറുത്തി യാത്രകൾ നടത്തുമ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് ഹറമൈൻ സിയാറ പ്രവർത്തിക്കുന്നത്.
ആറു മാസം മുമ്പ് കെഎംസിസി - എസ്ഐസി നേതാക്കളുടെയും പ്രവർത്തകരുടെയും സാനിധ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരാണ് ഹറമൈൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
എസ്ഐസി ജിദ്ദാ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സൽമാൻ ദാരിമി, ജാബിർ നാദാപുരം, മുഹമ്മദലി മുസ്‌ലിയാർ വെട്ടത്തൂർ, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, അബുബക്കർ ദാരിമി ആലമ്പാടി തുടങ്ങിയവരും, പെരിന്തൽമണ്ണ സി. എച്ച് സെന്റർ ജിദ്ദ ഭാരവാഹികളായ മുസ്തഫ കോഴിശ്ശേരി, അഷ്‌റഫ് താഴെക്കോട്, മുഹമ്മദ് (മണി), അബു കട്ടുപ്പാറ, ഹുസൈൻ കരിങ്കറ തുടങ്ങിയവർ യാത്രകൾക്ക് നേതൃത്വം നൽകുന്നു.
പുതിയ സാഹചര്യത്തിൽ ലീഗ് - സമസ്ത ഭിന്നത സോഷ്യൽ മീഡിയയിലും മറ്റും നിറഞ്ഞു നിൽക്കുമ്പോഴും ഇരു സംഘടനകളും തമ്മിലുള്ള പാരമ്പരാഗതമായ ബന്ധം മുറുകെപ്പിടിച്ചു മുന്നോട്ട് പോവുകയാണ് ജിദ്ദയിലെ മുസ്‌ലിം ലീഗ് - സമസ്ത പ്രവർത്തകർ. ഉലമാക്കളും ഉമറാക്കളും ഓരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ മാത്രമല്ല പ്രവാസ ലോകത്തും പല നേട്ടങ്ങളും ഉണ്ടാക്കാമെന്നതിന്റെ ഉദാഹരണമാണ് ജിദ്ദയിലെ ഹറമൈൻ സിയാറ.
മനുഷ്യ മാതാവിന്റെ നാടായ ജിദ്ദയിൽ പതിറ്റാണ്ടുകളായി സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും പ്രവർത്തകർ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹറമൈൻ സിയാറ അതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും എസ്ഐസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ പറഞ്ഞു.
ഐക്യത്തിന് കോട്ടം തട്ടുന്ന വാക്കുകളും പ്രവർത്തനങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ ഇരു സംഘടന പ്രവർത്തകരും ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയാ രംഗത്ത് വളരെ കരുതലോടെയും ജാഗ്രതയോടെയും മാത്രമേ ഇടപെടാവൂ എന്നും തങ്ങൾ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us