റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ച് മരണപെട്ട കായംകുളം കൊല്ലന്റയ്യത്ത് അബ്ദുൽ സത്താറിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ചയോടെ നാട്ടിൽ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നതായി കായംകുളം പ്രവാസി സംഘടന പ്രതിനിധികളായ ഷിഹാബ് കൊട്ടുകാട്, മുജീബ് ജനത, ഷിബു ഉസ്മാൻ, എന്നിവർ അറിയിച്ചു.
മൃതദേഹം വിട്ടു കിട്ടുന്നതിലേക്ക് ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും നൽകിയ പവർ ഓഫ് അറ്റോർണി ഇന്ത്യൻ എംബസിയിൽ ഇന്നലെ തന്നെ ലഭിച്ചിരുന്നു. ഒപ്പം കായംകുളം പ്രവാസി ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ എത്തി മരണം റിപ്പോർട്ട് ചെയ്ത് രജിസ്റ്റർ ചെയ്തിരുന്നു.
എംബസിയിൽ നിന്നും എന്‍ഒസി ലഭിക്കുന്നമുറക്ക് റിയാദിലെ മുറബ്ബ പോലീസ് സ്റ്റേഷനിൽ നിന്നും പാസ്പോർട്ട് ഓഫീസ്, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ശുമൈസി ആശുപത്രി, ഡെത് സർട്ടിഫിക്കറ്റ് നൽകേണ്ട മിനിസ്റ്ററി ഓഫ് എക്സ്റ്റേണൽ അഫയേഴ്‌സ്, എയർപോർട്ട് കാർഗോ സെക്ഷൻ, എയർപോർട്ട് അറൈവൽ, ഡിപ്പാർച്ചർ എന്നീ ആറു വിഭാഗങ്ങൾക്ക് ലെറ്റർ നൽകിയാൽ മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്‌സ് ഡെത് സർട്ടിഫിക്കറ്റ് നൽകുന്ന മുറക്ക് ഭൗതിക ശരീരം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി അടുത്തുള്ള പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു നാട്ടിലേക്ക് യാത്ര തിരിക്കും.
ഭൗതികശരീരത്തോടൊപ്പം സഹോദൻ അബ്ദുൽ റഷീദ്, ബന്ധുവായ നിസാം, സിയാദ് എന്നിവരും അനുഗമിക്കും.
എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഹരീഷ്, റനീഫ് എന്നിവർക്കൊപ്പം എല്ലാ പ്രവർത്തനങ്ങൾക്കും ഷൈജു നമ്പലശേരി, കബീർ ചപ്പാത്തി, സൈഫ് കൂട്ടുങ്കൽ, സൈഫുദ്ധീൻ ഇഞ്ചി, ഷബീർ വരിക്കപ്പള്ളിൽ
കൃപ, ഒഐസിസി, റിയാദ് ടാക്കീസ്, ഹെല്‍പ്പ് ഡെസ്ക് അടക്കമുള്ള വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും ഭാരവാഹികളും പ്രവർത്തകരും സത്താറിന്റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
സത്താറിന്റെ മരണവിവര മറിഞ്ഞത് മുതൽ മലയാളികൾ അടക്കമുള്ളവരുടെ വൻ ജനാവലിയാണ് ശുമൈസി ആശുപത്രിയിൽ തടിച്ചുകൂടിയത്. മൂന്നു പതിറ്റാണ്ടായി സൗദിഅറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കമ്പനിയുടെ അക്കൗണ്ട് വിഭാഗത്തിൽ ജോലിചെയ്തു വരവേ 2023 ജൂലൈ 25 ന് താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം ഉണ്ടായി ചികിത്സയിൽ ആയിരുന്ന സത്താർ കൂടുതൽ ചികിത്സകൾക്കായി നവംബർ 18 ന് ശനിയാഴ്ച നാട്ടിലേക്ക് വരുവാൻ എയർ ആംബുലൻസ് അടക്കം തയ്യാറാക്കിയിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം മരണപെടുന്നത്.
റിപ്പോർട്ട്: നിസാർ പൊന്നാരത്ത്