Advertisment

ഉയർന്ന ശമ്പളവും മോഹന വാഗ്ദാനങ്ങളും നൽകി ആയുർവേദ ചികിൽസാ കേന്ദ്രം തുടങ്ങാമെന്ന വ്യാജേനെ, സൗദിയിലേക്ക് വന്നവർക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം

New Update
keli members rescued malayalees

എൽദോ കൃഷ്ണനും പ്രേംകുമാറും കേളി പ്രവർത്തകരോടൊപ്പം റിയാദ് എയർപോർട്ടിൽ

റിയാദ്: ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ സൗദി പൗരന്റെ മോഹന വാഗ്ദാനത്തിൽ പെട്ട് ജോലിക്കായ്  സൗദിയിലെത്തിയ മലയാളി യുവാക്കൾക്ക് കൊടിയ പീഡനവും പട്ടിണിയും.

Advertisment

കഴിഞ്ഞ ആറു വർഷത്തിലേറെയായി സ്ഥിരമായി കേരളത്തിൽ ആയുർവേദ ചികിത്സയ്ക്കെത്തിയിരുന്ന സൗദി  പൗരന് ചികിത്സ നൽകിയിരുന്ന  വൈക്കം സ്വദേശിയായ എൽദോ കൃഷ്ണൻ, പാലക്കാട് ചിറ്റൂർ സ്വദേശി പ്രേം കുമാർ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വർഷം തോറും

സ്ഥിരമായി എത്തിയിരുന്ന പൗരനുമായി ഇവർ സുഹൃത്ത് ബന്ധത്തിലാവുകയും, സൗദിയിൽ ആയൂർവേദ ചികിത്സക്ക് നല്ല ഡിമാന്റ് ആണെന്നും, അവശ്യമായ  പശ്ചാത്തല സൗകര്യങ്ങൾ എല്ലാം ഒരുക്കി തരാമെന്നും, ദിവസേന ആയിരങ്ങൾ സമ്പാദിക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങൾ നൽകി.

ഭാവി സുരക്ഷിതമാക്കാൻ നല്ല അവസരമാണ് വന്നു ചേർന്നിരിക്കുന്നത് എന്ന വിശ്വാസത്തിൽ സൗദിയിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു. റിയാദിലെ എയർപോർട്ടിൽ സ്വീകരിക്കാൻ സൗദി പൗരൻ എത്തുകയും രണ്ടുപേരെയും തന്റെ സ്വദേശമായ അൽകുവയ്യായിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സൗദിയിൽ എത്തിയ ഉടനെ വീട്ടുകാർക്ക് വിവരം നൽകിയതല്ലാതെ പിന്നീട് ഇവരുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ നാട്ടിൽ നിന്നും മദീനയിലെ നവോദയയുമായി ബന്ധപ്പെടുകയും, നവോദയ ജീവകാരുണ്യ കമ്മറ്റി അംഗം നിസാർ കരുനാഗപ്പള്ളി, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖിനെ വിവരമറിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസ്സിയിൽ വിവരം നൽകിയ ശേഷം കേളി പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖുവയ്യയിലും, 380 കിലോമീറ്റർ അകലെ അൽ റെയ്‌നിലും രണ്ട് പേരെയും വ്യത്യസ്ത ഇടങ്ങളിലായാണ് താമസിപ്പിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

മരുഭൂമിയിലെ റൂമുകളിൽ താമസിപ്പിച്ച ഇവരെ കൊണ്ട് സൗദിയും സുഹൃത്തുക്കളും ഉഴിച്ചിൽ പോലുള്ള ജോലികൾ ചെയ്യിപ്പിക്കുകയും ഭക്ഷണമോ വെള്ളമോ പോലും നൽകാതെ പീഡിപ്പിക്കുകയുമായിരുന്നു. ഫോൺ വിളിക്കുവാനോ പുറം ലോകവുമായി ബന്ധം പുലർത്തുവാൻ പോലും സാധിക്കാതെ മാനസികമായും ശാരീരികമായും തളർന്ന ഇവർ നാട്ടിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് ഉറപ്പിച്ച അവസ്ഥയിലായി. ചില ദിവസങ്ങളിൽ പൊതീന പോലുള്ള ഇലകൾ മാത്രം കഴിച്ചു വിശപ്പടക്കിയതായും ഇവർ പറയുന്നു.

നാട്ടിൽ നിന്നും വിസ നടപടികൾ ശരിയാക്കിയ ട്രാവൽസുമായി ബന്ധപെട്ടപ്പോൾ വിസിറ്റ് വിസയിലാണ് രണ്ടുപേരും സൗദിയിലെത്തിയതെന്ന് മനസ്സിലായി. ആയതിനാൽ തന്നെ രക്ഷപ്പെടുത്തിയാൽ പാസ്പോർട്ട് കയ്യിൽ ഉണ്ടെങ്കിൽ മറ്റ് നിയമ തടസങ്ങൾ ഇല്ലാതെ നാട്ടിലെത്തിക്കാൻ കഴിയും. പക്ഷെ ഇരുവരെയും ബന്ധപ്പെടാൻ യാതൊരു നിർവ്വാഹവും ഇല്ലാത്ത അവസ്ഥയിൽ നാട്ടിൽ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുകയാണെങ്കിൽ കേളി പ്രവർത്തരുടെ നമ്പർ കൈമാറാൻ നിർദ്ദേശിച്ചു.

അതിനിടെയിലാണ് ടാങ്കർ വെള്ളം എത്തിക്കുന്ന ഡ്രൈവറുടെ നമ്പറിൽ നിന്നും നാട്ടിലേക്ക് എൽദോ മെസ്സേജ് അയക്കുന്നത്. വീട്ടുകാർ ആ നമ്പർ കേളി പ്രവർത്തകർക്ക് കൈമാറുകയും നമ്പർ കേന്ദ്രീകരിച്ച അന്വേഷണത്തിൽ ലൊക്കേഷൻ മനസ്സിലാക്കുകയും ചെയ്‌തു. 

അതിനിടെയിൽ ഒരു പ്രാവശ്യം സാഹസികമായി പുറത്തുകടന്ന എൽദോ കൃഷ്ണൻ ബഹുദൂരം അലക്ഷ്യമായി മരുഭൂമിയിലൂടെ നടന്നു. രക്ഷപ്പെടുവാൻ നടത്തിയ ശ്രമത്തിനിടെ തളർന്ന എൽദോ സഹായത്തിനായി കൈകാണിച്ച വാഹനം സൗദി പൗരന്റേതായിരുന്നു. വീണ്ടും എൽദോ തടവിലായി.

കേളി പ്രവർത്തകർ അതി സാഹസികമായി ഒറ്റ രാത്രിയിൽ രണ്ടു വാഹനങ്ങളിലായി ഇരുവരെയും രക്ഷപ്പെടുത്തി റിയാദ് എയർപോർട്ടിൽ എത്തിക്കുകയും നാട്ടിൽ നിന്നും എടുത്തു നൽകിയ ടിക്കറ്റിൽ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. 

15 ദിവസത്തെ ദുരിത ജീവിതം പ്രവാസത്തെ കുറിച്ചും സൗദി അറേബ്യയെ കുറിച്ചും തെറ്റായ ചിത്രമാണ് ഇവരിൽ ഉണ്ടാക്കിയിട്ടുള്ളത്. കേളി പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ഇത്തരം തെറ്റായ ചിന്തകൾ മാറ്റിയെടുക്കുവാനും യഥാർത്ഥ ചിത്രം ബോധ്യപ്പെടുത്തുവാനും സാധിച്ചു.

Advertisment