ഹസ്‌നയും ഹസീനയും ഇനി സ്വതന്ത്ര ഉടലുകളിൽ; സങ്കീർണമായ മറ്റൊരു സയാമീസ് സർജറി കൂടി സൗദിയിൽ വിജയകരം

New Update
sayamis twins

ശസ്ത്രക്രിയയ്ക്കു ശേഷം മെഡിക്കല്‍ ടീം ലീഡര്‍ ഡോ. അബ്ദുല്ല അല്‍റബീഅ മാധ്യമങ്ങളോട് സംസാരിക്കുന്നു

ജിദ്ദ: റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് നടത്തിയ അതിസങ്കീർണമായ ഒരു സർജറിയിലൂടെ നൈജീരിയക്കാരായ സയാമീസ് ഇരട്ടയെ വിജയകരമായി വേർപ്പെടുത്തി. നൈജീരിയയിൽ നിന്നെത്തിയ ഹസ്‌ന, ഹസീന എന്നീ കുഞ്ഞുങ്ങളെയാണ് വൈദ്യശാസ്ത്ര മികവും ജീവകാരുണ്യ പുണ്യവും അടയാളപ്പെടുത്തി ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്.

Advertisment

sayamis twins-4

ഹസ്നയും ഹസീനയും സര്‍ജറിക്ക് മുന്‍പ്

അനസ്തേഷ്യോളജി, പീഡിയാട്രിക് സര്‍ജറി, യൂറോളജി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് ന്യൂറോസര്‍ജറി വിഭാഗങ്ങളില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും ടെക്നീഷ്യന്മാരും അടക്കം 39 അംഗ മെഡിക്കല്‍ സംഘം പങ്കാളികളായ വൈദ്യനടപടികൾക്ക് സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ നേതൃത്വം നൽകി. പതിനാറര മണിക്കൂറുകൾ നീണ്ട ഒമ്പത് ഘട്ടങ്ങളിലൂടെയായിരുന്നു ഹസ്‌ന - ഹസീന വേർപ്പെടുത്തൽ  ശസ്ത്രക്രിയ.

sayamis twins-3

ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ കുഞ്ഞുങ്ങളെ വിജയകരമായ സർജറിയിലൂടെ വേര്‍പ്പെടുത്തിയ വിവരം ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചയുടന്‍ കുഞ്ഞുങ്ങളുടെ പിതാവ് പടച്ചവന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സാഷ്ടംഗം വീഴുകയുണ്ടായി. സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും വേർപ്പെടുത്താൻ സർജറിയിൽ പങ്കെടുത്ത മെഡിക്കല്‍ സംഘത്തിനും ഹസ്‌നയുടെയും ഹസീനയുടെയും മാതാപിതാക്കൾ  കടപ്പാടും നന്ദിയും രേഖപ്പെടുത്തി.

sayamis twins-2

പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യതകള്‍ പഠിക്കാനും 2023 ഒക്ടോബര്‍ 31 ന് ആണ് നൈജീരിയന്‍ സയാമിസ് ഇരട്ടകളെ മാതാപിതാക്കള്‍ക്കൊപ്പം സൗദി അറേബ്യ അയച്ച പ്രത്യേക എയര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ റിയാദിലെത്തിച്ചത്.

സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദി പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്ത് നടത്തുന്ന 60-ാമത്തെ ഓപ്പറേഷനാണ്  ഹസ്‌ന - ഹസീന  വേർപ്പെടുത്താൻ യത്നം.     34 വര്‍ഷത്തിനിടെ 25 രാജ്യങ്ങളില്‍ നിന്നുള്ള 135 സയാമിസ് ഇരട്ടകളുടെ കേസുകള്‍ സൗദി പ്രോഗ്രാം പഠിക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്തതായി ഡോ. അബ്ദുല്ല അല്‍റബീഅ വിവരിച്ചു.

Advertisment