റംസാൻ ചന്ദ്രപ്പിറവി: ഞായർ സന്ധ്യയിൽ നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം ജുഡിഷ്യറി

New Update
ramsan moon

ജിദ്ദ: ഔദ്യോഗിക കാലഗണയായ  ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശ​അ്​​ബാ​ൻ 29 ആയ ഞായറാഴ്ച (മാർച്ച് 10) അസ്തമയത്തിന് ശേഷം റംസാൻ മാസപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.

Advertisment

ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടോ ബൈ​നോ​ക്കു​ല​ർ മുഖേനയോ ചന്ദ്ര​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ അക്കാര്യം തൊട്ടടുത്ത കോ​ട​തി​യെ അ​റി​യിച്ച് സാ​ക്ഷ്യം രേഖ​പ്പെ​ടുത്തണമെന്നും അറിയിപ്പ് തുടർന്നു.

ഞായർ ചന്ദ്രപ്പിറവി കണ്ടതായി സ്ഥിരപ്പെട്ടാൽ മാത്രമായിരിക്കും തിങ്കളാഴ്ച ഹിജ്റാബ്ദം 1445 ലെ റംസാൻ വ്രതാരംഭം. അല്ലെങ്കിൽ, ശ​അ്​​ബാ​ൻ മാസം 30 പൂർത്തിയാക്കി ചൊവാഴ്ച വൃതം തുടങ്ങും.

അതേസമയം, സൗദിയിലെ പ്രമുഖ വാനനിരീക്ഷണ വിദഗ്ധരായ ഡോ. ഖാലിദ് അൽസ്സഹാഖ്, ഡോ. അബ്ദുല്ലാഹ് അൽമുസ്‌നദ് എന്നിവരുടെ കണക്കുകൂട്ടലിൽ ചൊവാഴ്ചയായിരിക്കും ഈ വർഷത്തെ റംസാൻ വ്രതാരംഭം. റംസാൻ മുപ്പത് ദിവസം പൂർത്തിയാവുമെന്നും അതുപ്രകാരം, ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്തർ എന്നും ഇരുവരും മുൻകൂട്ടി അഭിപ്രായപ്പെട്ടു.

എന്നാൽ, സൗദി അറേബ്യ റംസാൻ, ഈദ്, ഹജ്ജ് എന്നിവയ്ക്ക് ചന്ദ്രപ്പിറവിയുടെ സ്ഥിരീകരണമാണ് അടിസ്ഥാനമാക്കുന്നത്. റംസാൻ വൃതം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും പ്രവാചകൻ വെച്ച നിർദേശമായ ചന്ദ്രപ്പിറവി ദൃശ്യമാകൽ എന്ന നിർദേശപ്രകാരമാണ് ഇത്. ചന്ദ്രമാസങ്ങളുടെ പ്രത്യേകതയായ 29 - 30 എന്ന സന്നിഗ്ധതയിലെ ഒരു തീർപ്പ് കൂടിയാണ് ചന്ദ്രപ്പിറവി കണ്ടതായ സ്ഥിരീകരണവും സാക്ഷ്യപ്പെടുത്തലും. അതേസമയം, തലേമാസം മുപ്പത് തികഞ്ഞാൽ അന്നേരം മാസപ്പിറവി കാണൽ അപ്രസക്തമാവുകയും ചെയ്യും.

Advertisment