/sathyam/media/media_files/j4JpmMNQiN43zTeQGq6V.jpg)
ജിദ്ദ: വിശുദ്ധ റംസാനിൽ ഓരോ ദിവസം കഴിയും തോറും മക്കയിലെയും മദീനയിലെയും തിരക്ക് ശക്തിപ്പെട്ടുകൊണ്ടിരിക്കേ, തീർത്ഥാടനം സംബന്ധിച്ച സുപ്രധാന അറിയിപ്പ് സൗദി ഹജ്ജ് - ഉംറാ മന്ത്രാലയം പുറത്തുവിട്ടു. റംസാനിൽ ഒന്നിൽ കൂടുതൽ ഉംറ ആർക്കും അനുവദിക്കില്ലെന്ന് !
നാല് ഗുണങ്ങൾ ഇതിന് നിരത്തിയ മന്ത്രാലയം ഇക്കാര്യത്തിൽ വിശ്വാസികളുടെ പൂർണ സഹകരണവും തേടി. തിരക്ക് കുറക്കുക, മറ്റുള്ളവർക്കും അനുഷ്ഠാനത്തിന് അവസരം നൽകുക, അധികൃതരുമായുള്ള സഹകരണം, വിശ്വാസികൾക്ക് പ്രയാസം ഉണ്ടാക്കാതിരിക്കുക... റംസാനിലെ ഒറ്റ ഉംറ തീരുമാനത്തിന് ഗുണഫലങ്ങൾ ഏറെയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
തീർത്ഥാടകർക്കായി സൗദി അധികൃതർ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സേവനങ്ങളും വേണ്ടവിധം പ്രയോജനകരമാവുന്നതിന് തിക്കും തിരക്കും നിയന്ത്രിക്കേണ്ടതുമുണ്ട്. അതേസമയം, നിയന്ത്രണം സൗദിയ്ക്ക് അകത്ത് നിന്ന് തീർത്ഥാടനം നടത്തുന്നവർക്കാണ് പ്രസക്തമാവുക.
‘നുസ്​ക്’​ പ്ലാറ്റ്‌ഫോമിലൂടെ ഉംറ പെർമിറ്റ് എടുക്കുമ്പോൾ ഒരു തവണ മാത്രമേ അത് വിജയകരമായി പൂർത്തീകരിക്കാനാവൂ. വീണ്ടും ശ്രമിക്കുമ്പോൾ "ശ്രമം പരാജയം" എന്ന സന്ദേശമാണ് ലഭിക്കുക.
"ഇത്​ എല്ലാവർക്കും ഉംറ നിർവഹിക്കാനുള്ള അവസരം നൽകുന്നതിനാണ്​. ഉംറക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണം" - എക്സ് പ്ലാറ്റ്‌ഫോമിൽ അക്കൗണ്ടിലൂടെ മന്ത്രാലയം ആവശ്യപ്പെട്ടു.