ഇന്ത്യയുമായി അഴിമതി തടയാനും പാകിസ്ഥാനുമായി ഭീകരത, അതിനുള്ള ഫണ്ടിംഗ് എന്നിവക്കെതിരെയും ഉണ്ടാക്കിയ ധാരണാ പത്രങ്ങൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം

New Update
saudi conference

ജിദ്ദ: അഴിമതി നിരീക്ഷിക്കുകയും നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട വിഭാഗങ്ങൾ ഒപ്പിട്ട ധാരണാ പത്രത്തിന് ഇക്കഴിഞ്ഞ ദിവസം തലസ്ഥാനമായ റിയാദിൽ സമ്മേളിച്ച സൗദി അറേബ്യയുടെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതുൾപ്പെടെ പതിനെട്ട് തീരുമാനങ്ങളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ടത്.

Advertisment

സൗദി മന്ത്രിസഭാ തീരുമാനങ്ങളിൽ പാകിസ്ഥാനുമായി തീവ്രവാദ പ്രവർത്തങ്ങൾ സംബന്ധിച്ചുണ്ടാക്കിയ ധാരണാ പത്രവും ഉൾപ്പെടുന്നു. തീവ്രവാദ കുറ്റകൃത്യങ്ങൾക്കും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനും എതിരെ സൗദിയിലെ ദേശീയ സുരക്ഷാ വിഭാഗവും പാകിസ്ഥാനിലെ പ്രസിഡൻസി ഓഫ് ജനറൽ ഇൻ്റലിജൻസ് സർവീസും തമ്മിലുണ്ടാക്കിയ സഹകരണ കരാറിനാണ് സൗദി മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. തീരുമാനങ്ങളിൽ പത്താമത്തേതായി ഇന്ത്യയുമായുള്ള കരാറും പന്ത്രണ്ടാമത്തേതായി പാകിസ്ഥാനുമായുള്ള കരാറും സ്ഥാനം പിടിച്ചു.

ഉഭയകക്ഷി അടിസ്ഥാനത്തിലും ബഹുകോൺ തലത്തിലും മറ്റു രാഷ്ട്രങ്ങൾ, വേദികൾ എന്നിവയുമായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മന്ത്രിമാരുടെ കൗൺസിൽ അതിൻ്റെ സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും സഹകരിച്ച് രാജ്യം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പലസ്തീനിൽ ഗസ്സ മുനമ്പിലെ യുദ്ധം നിർത്തുക, സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പാക്കുക, ഗസ്സയ്ക്ക് മാനുഷിക സഹായം ലഭ്യമാക്കുക, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൻ്റെ അന്താരാഷ്ട്ര അംഗീകാരം ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക, വിഷയത്തിൽ കൂട്ടായ പ്രവർത്തനം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ സൗദി അറേബ്യ അതിന്റെ സുഹൃത് രാജ്യങ്ങളുമായി നടത്തിവരുന്ന ഇടപാടുകൾ സംബന്ധിച്ചും മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.

ആഭ്യന്തര കാര്യങ്ങൾ വിലയിരുത്തവേ, സൗദിയുടെ "വിഷൻ 2030" സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി വിലയിരുത്തുകയും വിവിധ തലങ്ങളിൽ എട്ടാം വർഷത്തോടെ കൈവരിച്ച നേട്ടങ്ങളിൽ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

Advertisment