/sathyam/media/media_files/EOojyFc4oB01xBCeDLCm.jpg)
ജിദ്ദ: വിശുദ്ധ ഭൂമിയിൽ അതിഥികളായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുന്ന ഹജ്ജ് വളണ്ടിയർ കോറിന്റെ റെജിസ്ട്രേഷൻ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി നിർവഹിച്ചു. ഈ വർഷവും അതിവിപുലമായി ഐ സി എഫ്, ആർ എസ് സി വളണ്ടിയർ സേവനം ലഭ്യമാക്കും.
ആദ്യ ഹജ്ജ് സംഘം എത്തുന്നത് മുതൽ അവസാന ഹജ്ജ് സംഘം വിട പറയുന്നത് വരെ ജിദ്ദ, മദീന എയർപോർട്ടുകളിലും മക്കയിൽ ഹറം പരിസരങ്ങളിലും അറഫ, മിന, അസീസിയ, മുസ്ദലിഫ, കുദായ് എന്നിവിടങ്ങളിലും വളണ്ടിയർമാരുടെ സാന്നിധ്യം ഉറപ്പു വരുത്തും.
പുണ്യകർമങ്ങളിലെ സംശയ നിവാരണം, മെഡിക്കൽ സേവനം, അവശരായ ഹാജിമാർക്ക് വേണ്ട പ്രത്യേക കരുതൽ, വീൽചെയർ സംവിധാനങ്ങൾ എന്നിവയും സുസജ്ജമാക്കും.
സേവന രംഗത്ത് നിസ്തുലമായ ഇടപെടലുകൾ അടയാളപ്പെടുത്തി ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളണ്ടിയര്‍ കോര്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഹാജിമാര്‍ക്ക് പ്രത്യേകം പരിശീലനം നൽകിയ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന 3000 ഐ സി എഫ്, ആർ എസ് സി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.
ആദ്യ ഹജ്ജ് സംഘം ഇറങ്ങുന്നത് മുതല്‍ ജിദ്ദയിൽ നിന്നുള്ള വളണ്ടിയര്‍മാര്‍ എയർപോർട്ട് പരിസരത്തു സേവന നിരതരായി വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങും.