/sathyam/media/media_files/V4A2DdkoEwPU7vue0dpG.jpg)
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ "പറക്കും ടാക്‌സികൾ", "ഡ്രോണുകൾ" എന്നിവ പോലുള്ള പുത്തൻ സാങ്കേതിക വിദ്യകൾ ഹാജിമാരുടെ ഗതാഗത കാര്യങ്ങളിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സൗദി ഗതാഗത മന്ത്രാലയം. കൂടുതൽ സുഖകരവും വേഗതയേറിയതുമായ സാങ്കേതിക വിദ്യകളും നടപ്പാക്കി തീർത്ഥാടകരുടെ സഞ്ചാരവും അതുവഴി അനുഷ്ഠാനങ്ങളും പ്രയാസരഹിതമാക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചി. സ്വാലിഹ് അൽജാസർ മാധ്യമങ്ങളോട് പറഞ്ഞു.
ആധുനിക ഗതാഗത സംവിധാനങ്ങളിലെ ഏറ്റവും നൂതനമായ എയർ ടാക്സി, ആളില്ലാ ടാക്സി എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള സേവനങ്ങൾ ഹാജിമാർക്ക് ലഭ്യമാക്കാൻ വരും വർഷങ്ങളിൽ സർവീസ് കമ്പനികൾ മത്സരിച്ചേക്കുമെന്നും സൗദി ഗതാഗത മന്ത്രി നിരീക്ഷിച്ചു. അതോടൊപ്പം, ഈ സാങ്കേതിക വിദ്യകൾ ഉയർത്തുന്ന പാരിസ്ഥിതിക വിഷയങ്ങൾ, ഈ വര്ഷം തന്നെ അവ നടപ്പാക്കുന്ന കാര്യം എന്നിവയാണ് ഇപ്പോൾ സുപ്രധാനമെന്നും അദ്ദേഹം തുടർന്നു. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർക്ക് സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പാക്കുന്നതിന് വേണ്ടി കര, വ്യോമ, നാവിക കാര്യങ്ങളിലെ ഗതാഗത, ലോജിസ്റ്റിക് സേവന സമ്പ്രദായങ്ങൾ നൂതന വീക്ഷണത്തോടെയാണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവ സംയോജിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഗതാഗത മന്ത്രി വിവരിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് തീർത്ഥാടകർ രാജ്യത്ത് എത്തിച്ചേരുന്നത് മുതൽ പുണ്യസ്ഥലങ്ങളിലൂടെ കടന്നുപോകുകയും അവരുടെ ആചാരങ്ങൾ പൂർത്തിയാക്കി ഒടുവിൽ അവരവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതുവരെയുമുള്ള കാലത്തെ വ്യോമ, കര, കടൽ, റെയിൽ ഗതാഗത - ലോജിസ്റ്റിക്സ് സേവങ്ങൾക്കായി മുപ്പത്തെട്ടായിരം ജീവനക്കാരാണ് കഴിഞ്ഞ ഹജ്ജ് സീസണിൽ കർമ്മ നിരതരായിരുന്നത്.