മക്ക: ജൂലൈ രണ്ടാം പകുതിയിൽ അരങ്ങേറുന്ന ഹിജ്റാബ്ദം 1445 ലെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാൻ വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക് ക്രമേണയായി ശക്തിപ്പെടുന്നു. ഇന്ത്യയിൽ നിന്ന് ഇതിനകം പുണ്യ നാട്ടിൽ എത്തിയവരിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പ് തീർത്ഥാടകരും ഉൾപ്പെടുന്നു.
കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നുമായി വന്ന 204 ഹാജിമാർ ഉൾപ്പെടുന്നതാണ് ഈ വർഷം പുണ്യമണ്ണിൽ എത്തുന്ന ആദ്യ മലയാളി സ്വകാര്യ ഹജ്ജ് സംഘം. ഹാജിമാരുടെ നാട്ടുകാരും മക്കയിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരും ചേർന്ന് ഹാജിമാർക്ക് മക്കയിൽ സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി.
കേരളത്തിലെ രണ്ടിടങ്ങളിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വഴിയാണ് ആദ്യ ദിനത്തിൽ സ്വകാര്യ ഹാജിമാർ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിനോട് ചേർന്ന പ്രത്യേക ഹജ്ജ് ടെർമിനലിൽ വന്നിറങ്ങിയത്. കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 102 ഹാജിമാരുമായി ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഹജ്ജ് ടെർമിനലിൽ ഇറങ്ങിയത്. വൈകാതെ കരിപ്പൂരിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം കൂടി മറ്റൊരു 102 ഹാജിമാരെയും വഹിച്ച് ഹജ്ജ് ടെർമിനലിൽ ഇറങ്ങി. വിമാനത്താവളത്തിലെ നടപടികൾക്ക് ശേഷം മണിക്കൂറുകൾക്കകം 204 ഹാജിമാരും മക്കയിൽ എത്തിച്ചേരുകയും ചെയ്തു.
മക്കയിലെത്തിയ ഹാജിമാരെ സ്വീകരിക്കാൻ ഹജ്ജ് സേവനത്തിൽ ഏറെ മുന്നിലുള്ള മലയാളി സന്നദ്ധ വിഭാഗമായ മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി മുന്നിരയിലുണ്ടായിരുന്നു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ. ഉപാധ്യക്ഷന്‍ സുലൈമാന്‍ മാളിയേക്കല്‍, നാഷണല്‍ കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂകോട്ടൂര്‍, മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയില്‍, നാസര്‍ കിന്‍സാറ, സല്‍സബീല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സ്വകാര്യ മലയാളി ഹജ്ജാജി സംഘത്തിന് നൽകിയ വരവേൽപ്പ്.