Advertisment

എബിസി കാർഗോ കെഎംസിസി ഫുട്ബോൾ; കലാശപ്പോരാട്ടം വെള്ളിയാഴ്ച

author-image
സൌദി ഡെസ്ക്
New Update
riyadh kmcc football tournament

റിയാദ്: ക്ലബ് ഫുട്ബാൾ മത്സരങ്ങളെ കവച്ച് വെക്കുന്ന രീതിയിൽ വീറും വാശിയും നിറഞ്ഞ റിയാദ് കെഎംസിസി മണ്ഡലം തല ഫുടബോൾ ടൂർണമെന്റിന്റെ കലാശപ്പോരാട്ടം നാളെ (11ന് വെള്ളിയാഴ്ച) രാത്രി 7 മണിക്ക് ബഗ്ലഫിലെ ഖാബൂസ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. മികച്ച ഫോമിലുള്ള ചേലക്കര, നിലമ്പൂർ മണ്ഡലം ടീമുകളാണ് എബിസി കാർഗോ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മൽസരത്തിൽ ഏറ്റുമുട്ടുന്നത്. 

Advertisment

സെമിഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് ഷൊർണൂരിനെ തകർത്താണ് ചേലക്കര കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ശക്തരായ തിരൂരങ്ങാടിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലമ്പൂർ ഫൈനലിൽ കടന്നത്.

സമാപന പരിപാടിയിൽ മുഖ്യാത്ഥിതിയായി മലബാറിലെ സെവൻസ് മൈതാനങ്ങളിൽ നിറസാന്നിധ്യമായ സൽമാൻ കുറ്റിക്കോട് പങ്കെടുക്കും. കൂടാതെ സൗദിയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം, സംഗീത നിശ, കോൽക്കളി, ഇരുപതോളം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറും.

riyadh kmcc vadamvali

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ രണ്ടര മാസക്കാലമായി നടത്തിവരുന്ന മണ്ഡലം തല ഫുട്ബോൾ ടൂർണ്ണമെന്റ് റിയാദിലെ ഫുട്ബോൾ പ്രേമികൾക്ക് ഏറെ ആവേശം നൽകിയ ടൂര്‍മെന്‍റാണ്. വിവിധ മണ്ഡലം കമ്മിറ്റികളുടെ ബാനറിൽ ഇറങ്ങിയ ടീമുകളിൽ പ്രവാസലോകത്തെ അറിയപ്പെടുന്ന ഫുടബോൾ താരങ്ങൾ ബൂട്ടണിഞ്ഞിട്ടുണ്ട്. അത് കൊണ്ടുതന്ന ഫൈനൽ മത്സരം തീ പാറുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ ഫുടബോൾ ആരാധകർ.

മത്സരം കാണുവാൻ സ്ത്രീകൾക്ക് പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. എസ്.എം.മീ പ്രവാസി എക്സലൻസി അവാർഡ് നൽകി പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ടി.വി.എസ് സലാമിനെ ചടങ്ങിൽ ആദരിക്കും. ഫൈനൽ മൽസരം കാണുന്നതിനായി വെള്ളിയാച്ച 6.30 ന് ബത്ത കെഎംസിസി ഓഫീസ് പരിസരത്തു നിന്നും സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ടൂർണ്ണമെൻറിനോടനുബന്ധിച്ച് പുറത്തിറക്കിയ ലക്കീ ഡ്രോ കൂപ്പൺ നറുക്കെടുപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Advertisment