Advertisment

ജി20 ഉച്ചകോടി: ഇൻഡോ - സൗദി ബന്ധങ്ങൾ പിന്നെയും കൂടുതൽ ഉച്ചിയിൽ; ശക്തിപ്പെട്ട ബന്ധം ലോകസമാധാനത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് മോഡി

New Update
g20-4

ജിദ്ദ / ന്യൂഡൽഹി: വൻകിട രാജ്യങ്ങൾക്കിടയിലെ കൊള്ളലും കൊടുക്കലും കൊണ്ട് ഹൃദ്യവും പുഷ്കലവുമായ ജി20  ന്യുഡൽഹി ഉച്ചകോടി ഉഭയകക്ഷി തലത്തിലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്  നേട്ടങ്ങളുടെ കൊടുമുടി. വിശിഷ്യാ, ഇന്ത്യ - സൗദി പാരസ്പര്യത്തിൽ ഉച്ചകോടി വലിയ കുതിപ്പും മതിപ്പുമാണ് ഉണ്ടാക്കിയത്.

Advertisment

ഭരണാധിപൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച്  ഉച്ചകോടിയിലേക്കുള്ള സൗദി സംഘത്തെ നയിച്ചെത്തിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതി ദ്രൗപതി മുർമു എതിരേറ്റു. രാഷ്ട്രപതിഭവനിൽ വെച്ച് ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു ഔപചാരികമായ ഊഷ്മള വരവേൽപ്. ഉച്ചകോടി ശനിയാഴ്ച  സമാപിച്ച ശേഷം ഇന്ത്യയിൽ  ഔദ്യോഗിക പര്യടനത്തിലാണ് സൗദി കിരീടാവകാശി ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശിയെ  ഇന്ത്യൻ സന്ദർശനത്തിന്  സ്വാഗതം ചെയ്തു.

തിങ്കളാഴ്ച ഹൈദരാബാദ് ഹൌസിൽ നടന്ന ഇൻഡോ - സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് സംയുക്ത കൗൺസിൽ യോഗത്തിൽ ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ ഒരുമിച്ചു അധ്യക്ഷത വഹിച്ചു. പ്രതിരോധം, സാംസ്കാരികം, വ്യാപാരം, വാണിജ്യം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെ ഉഭയകക്ഷി  സഹകരണം ചർച്ചയായി.

ഇന്ത്യയുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന  പങ്കാളികളിൽ  ഒന്നാണ് സൗദി അറേബ്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ജി20 ഉച്ചകോടിയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയോടെ ഇൻഡോ - സൗദി ബന്ധം പുതിയൊരു ശക്തി കൈവരിച്ചതായും ലോകസമാധാനത്തിനും മനുഷ്യരാശിക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ അത് ഞങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്നും മോഡി തുടർന്നു.  

g20-2

ഇന്ത്യയും മിഡിൽ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക പദ്ധതിക്കുള്ള ധാരണാപത്രത്തിൽ ബന്ധപ്പെട്ട രാജ്യങ്ങൾ ഒപ്പുവെച്ചതായും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ദീർഘകാല തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനും ബഹുരാജ്യങ്ങൾ പങ്കാളികളായ പ്രസ്തുത സാമ്പത്തിക ഇടനാഴി വഴിവെക്കുമെന്നും ഉച്ചകോടിയിൽ സംസാരിക്കവെ സൗദി കിരീടാവകാശി വെളിപ്പെടുത്തിയിരുന്നു.

വൻ കുതിപ്പിന് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് അവസരം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടനാഴി വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യുന്നതിനുള്ള പൈപ്പ് ലൈനുകൾ നീട്ടുന്നതിനും ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. റെയിൽവേ ഉൾപ്പെടുടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഒപ്പിട്ട ധാരണാപത്രം സഹായകരമാവും.

ഇൻഡോ - സൗദി സ്ട്രാറ്റജിക് പങ്കാളിത്തത്തിനുള്ള സംയുക്ത കൗൺസിൽ, ഇൻഡോ - സൗദി വാണിജ്യ ഉച്ചകോടി എന്നിങ്ങനെ വിവിധ അർത്ഥങ്ങളിലും തലങ്ങളിലുമുള്ള ഒന്നിച്ചിരിപ്പുകളും കൂടിയാലോചനകളും കൂട്ടായ തീരുമാനങ്ങളും കൊണ്ട്  സമ്പന്നമാണ് ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലെ ഇന്ത്യയും സൗദിയും തമ്മിലുള്ള കൈകോർക്കൽ.

"ഉച്ചകോടിയോടെ  ഇൻഡോ - സൗദി ബന്ധം അതുവരെയുള്ളതിലും ഉന്നതിയിലെത്തി": യൂസഫലി 

g20-3

ഇക്കാര്യം സംബന്ധിച്ച് സൗദി  ഉൾപ്പെടെ ഗൾഫിലെല്ലായിടത്തും അതുപോലെ നിരവധി മെട്രോപൊളിറ്റൻ  നഗരങ്ങളിലുമുള്ള  വൻ ബിസിനസ് ശ്രുംഖലകളുടെ ഉടമയും ആഗോള വ്യവസായ വ്യക്തിതവുമായ ലുലു ഗ്രൂപ്പ്‌ ചെയർമാൻ എംഎ യൂസഫലി പ്രതികരിച്ചത്  ഇങ്ങിനെ:

"തന്ത്രപ്രധാന സുഹൃദ് രാജ്യങ്ങളായ ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ - വ്യവസായ രംഗങ്ങളിൽ  ഉജ്വലമായ പുതിയൊരു യുഗപ്പിറവിയാണ് ജി20 ന്യൂഡൽഹി ഉച്ചകോടിയോടെ സംഭവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിഥാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്.

"ജി20 ഔപചാരികമായി പര്യവസാനിച്ച ശേഷം നടന്ന ഇൻഡോ - സൗദി സംഗമങ്ങളും യോഗങ്ങളും ചർച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ ഊഷ്മളതയെ അതുവരെയുള്ളതിലുമെത്രയോ മീതേയ്ക്ക് എത്തിച്ചിരിക്കയാണ്. ചർച്ചകളിൽ സൗദി ഭാഗത്ത് നേതൃത്വം നൽകിയത് സാക്ഷാൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരനും": ലുലു മേധാവി.

 ഔദ്യോഗിക കൂടിക്കാഴ്​ചകളും ചർച്ചകളും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അതുവരെ ഉള്ളതിനേക്കാൾ പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു. രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിലും അതിന് മുമ്പ് ചേരുന്ന ഇന്ത്യ - സൗദി വാണിജ്യ ഉച്ചകോടിയിലും യൂസഫലി സംബന്ധിക്കുന്നുണ്ട്.

Advertisment