Advertisment

ആർഎസ്‌സി സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
rsc saudi

ദമ്മാം: കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ വർഷം തോറും വിപുലമായി നടത്തിവരാറുള്ള  പ്രവാസി സാഹിത്യോത്സവിന്റെ 13 മത്  എഡിഷൻ ആർ എസ് സി  സൗദി ഈസ്റ്റ്‌ നാഷനൽ തല പരിപാടികൾക്കായുള്ള  വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത സംഗമം കെഎംസിസി ദമ്മാം പ്രതിനിധി ആലിക്കുട്ടി ഒളവട്ടൂർ ഉദ്‌ഘാടനം ചെയ്തു.

Advertisment

നമ്മുടെ രാജ്യം  പേരിന്റെ പോലും  അടിവേരുകൾ പരതുന്ന ഇക്കാലത്ത് യുവതയെയും വിദ്യാർത്ഥികളെയും ധാർമിക വഴിയിൽ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയായി വളർത്തിയെടുക്കാനും  ഇത്തരം കലാ സാംസ്കാരിക പരിപാടികൾ  അനിവാര്യമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ലുഖ്മാൻ വളത്തൂർ സന്ദേശപ്രഭാഷണം നടത്തി. ആർഎസ് സി  നാഷനൽ കലാലയം സെക്രട്ടറി സ്വാദിഖ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ, ഹമീദ് വടകര, സുബൈർ ഉദിനൂർ, ഡോ. ആഷിഖ്, സലീം പാലച്ചിറ, അബ്ദുൾ ബാരി നദ്‌വി, മുസ്തഫ മാസ്റ്റർ മുക്കൂട് എന്നിങ്ങനെ  കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.

ആർഎസ് സി ഗ്ലോബൽ പ്രവർത്തക സമിതി അംഗം ഷഫീഖ് ജൗഹരി സ്വാഗത സംഘ കമ്മറ്റിയെ  പ്രഖ്യാപിച്ചു. അഷ്‌റഫ്‌ പട്ടുവം ചെയർമാനും, ഹബീബ് ഏലംകുളം ജനറൽ കൺവീനറുമായ 101 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്.

ഒക്ടോബർ 27-ന് ദമ്മാമിൽ വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ റിയാദ്, അൽ അഹ്‌സ, അൽ ഖസീം, ഹായിൽ , അൽ ജൗഫ്, ജുബൈൽ, അൽ ഖോബാർ, തുടങ്ങി  9 സോണുകളിൽ  നിന്നും പ്രസ്തുത പ്രദേശങ്ങളിൽനിന്നുള്ള വിവിധ ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും.

കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ കലാമേളയിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആർഎസ് സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് അൻവർ ഒളവട്ടൂർ സ്വാഗതവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.

മലയാളികളായ 30 വയസ്സിന് താഴെയുള്ളവർക്ക്  മത്സരിക്കുന്നതിനായി http://register.rscsaudieast.com  എന്ന ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. 5 മുതൽ +2 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക്  ക്യാമ്പസ്‌ വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.

 

Advertisment