തൊഴിൽ ചൂഷണം: പരാതിയുമായി ഒമ്പത് ഇന്ത്യക്കാർ റിയാദിലെ എംബസ്സിയിൽ; സ്‌പോൺസറുടെ പ്രതികാരം ഭയക്കുന്നതായി തൊഴിലാളികൾ; സഹായവുമായി കേളി പ്രവർത്തകർ

New Update
indian workers

ജിദ്ദ: റിയാദിൽ നിന്ന് 45 കിലോമീറ്റർ അകലെ ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയാവുന്നുവെന്ന പരാതിയുമായി ഒൻപത് ഇന്ത്യൻ തൊഴിലാളികൾ ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. നാല് ഉത്തരാഖണ്ഡ് സ്വദേശികളും മൂന്ന് ഉത്തർപ്രദേശുകാരും ഒരു മലയാളിയും ഒരു തമിഴ് നാട്ടുകാരനുമാണ് പരാതിപ്പെട്ടത്.

Advertisment

മാസ്റ്റേഴ്സ് കൺസ്ട്രക്ഷൻ കമ്പനി ആർകിടെക്റ്ററൽ കോൺട്രാക്റ്റിംഗ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്ററിംഗ് ജോലിക്കായാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ചെയ്യുന്ന ജോലിക്ക് ശമ്പളം നൽകാത്തതിനു പുറമെ റൂമിലേക്കുള്ള ജല വിതരണം റദ്ദാക്കുകയും ചെയ്തു. ഭക്ഷണമോ കുടിവെള്ളമോ നൽകാതെ ബുദ്ധിമുട്ടിക്കുന്നതായും തൊഴിലാളികൾ പരാതിയിൽ പറഞ്ഞു.

എംബസ്സിയെ വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. തൊഴിൽ ചെയ്യുന്നത് നിർത്തിയ സാഹചര്യത്തിൽ ഏതുസമയവും റൂമിൽ നിന്നും സ്പോൺസർ ഇറക്കിവിടുമെന്ന ഭയത്തിലാണ് തൊഴിലാളികൾ ഓരോ നിമിഷവും കഴിയുന്നത്.

എംബസ്സിയിൽ നിന്നും അറിയിപ്പ് ലഭിച്ച കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം തൊഴിലാളികളുടെ താമസ സ്‌ഥലം സന്ദർശിക്കുകയും നിജസ്ഥിതി ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ താമസ സ്ഥലത്ത് വെള്ളമെത്തിക്കുയും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള അവശ്യ സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.

ഒന്നര വർഷം മുതൽ നാലുമാസം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികളെ സൗദിയിൽ എത്തിച്ചിട്ടുള്ളത്. ഒന്നര വർഷമായി കമ്പനിയിൽ എത്തിയ മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടു. നാലുമാസങ്ങൾക്ക് മുമ്പ് എത്തിയ നാല് ഉത്തർ പ്രദേശുകാരായ തൊഴിലാളികൾക്ക് ഇതുവരെ ഇക്കാമ പോലും നൽകിയിട്ടില്ല.

തുടക്കം മുതലേ രണ്ടുമാസത്തെ ഇടവേളയിൽ ആയിരുന്നു ശമ്പളം നൽകിയിരുന്നത്. പിന്നീട് അഞ്ചു മാസം വരെ ശമ്പളം ലഭിക്കാതിരുന്നപ്പോൾ തൊഴിലാളികൾ ജോലി ചെയ്യുന്നത് നിർത്തുകയായിരുന്നു.

ഷുമേസിയിലെ മിനി സൂപ്പർ മാർക്കറ്റ് എന്നറിയപ്പെടുന്ന പെർഫക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനിയു|ടെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് സഹായത്തിനാവശ്യമായ ഭക്ഷണസാധനങ്ങൾ ലഭിച്ചതെന്ന് കേളി പ്രവർത്തകർ പറഞ്ഞു.

Advertisment