ജിദ്ദ: ലോകം മൊബൈൽ ഉപകരണങ്ങളിലും സോഷ്യൽ മീഡിയകളിലും നാൾക്കുനാൾ ആണ്ടിറങ്ങി കൊണ്ടിരിക്കുമ്പോൾ അവയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് അറിയിപ്പുകൾ.
മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം ഏകാന്തത വർദ്ധിപ്പിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കി.
ഇവ മൂലം ലോകത്ത് ആറിൽ ഒരാളെയെന്ന തോതിൽ ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ബാധിച്ചു കൊണ്ടിരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ ഒരു കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പറയുന്നത്.
അപ്രകാരം, ശാരീരിക രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാമൂഹിക ഒറ്റപ്പെടലും ലോകമെമ്പാടുമായി പ്രതിവർഷം 871,000 ആളുകളുടെ മരണത്തിന് കാരണമാകുന്നതായും റിപ്പോർട്ട് തുടരുന്നു.
ഏകാന്തത പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം, വിഷാദം, സമ്മർദ്ദം, ആത്മഹത്യ എന്നിവയ്ക്കുള്ള വർദ്ധിച്ച സാധ്യതയും മൊബൈലുകളിലും സോഷ്യൽ മീഡിയകളിലും രമിക്കുന്നത്തിലൂടെ ഉണ്ടായിത്തീർന്നുവെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
ഏകാന്തത അനുഭവിക്കുന്ന കൗമാരക്കാർ അതല്ലാത്ത സമപ്രായക്കാരേക്കാൾ താഴ്ന്ന ഗ്രേഡുകളിലായിരിക്കും ഉണ്ടാവുക. ഇതിനുള്ള സാധ്യത 22% കൂടുതലാണ്. അപ്രകാരം, ഏകാന്തത അനുഭവിക്കുന്ന മുതിർന്നവർ ജോലി കണ്ടെത്തുന്നതിനും അത് നിലനിർത്തുന്നതിനും വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും സംഘടന അഭിപ്രായപ്പെട്ടു.
ഏകാന്തതയുടെ ആഘാതം വ്യക്തികളിൽ മാത്രമല്ല, സമൂഹത്തിലും അനുഭവപ്പെടുന്നുണ്ട്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതായും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
രോഗം, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം, കുറഞ്ഞ വരുമാനം, സാമൂഹിക സമ്പർക്കത്തിന്റെ അഭാവം, ഒറ്റയ്ക്ക് താമസിക്കൽ, എന്നിവയാണ് ഏകാന്തതാ ഭ്രമത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്ന ഘടകങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗവും ഡബ്ലിയു എച്ച് ഒ ഉൾപ്പെടുത്തിയിട്ടുണ്ട്.