റിയാദ്: കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകക്കാരനെ നിയമിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പിന്തുണ മൂന്നാം വർഷത്തേക്കും ദീർഘിപ്പിച്ച് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള 'സ്നേഹ സ്പർശം' കൂട്ടായ്മ.
കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ 'ഹൃദയപൂർവ്വം കേളി' (കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി വരുന്ന ഈ സഹായം ആശുപത്രിയിലെ അന്തേവാസികൾക്ക് രുചികരമായ ഭക്ഷണം നൽകുന്നതിന് ഒരു കൈ സഹായം എന്ന നിലക്കാണ് കേളി നൽകി വരുന്നത്.
12 -ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അശരണരെ ചേർത്ത് പിടിക്കുന്നവർക്ക് ഒപ്പം ചേർന്നാണ് ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്തിനാണ് സംഘടന ലക്ഷ്യം വെച്ചിരുന്നത്.
ഇതിനോടകം തന്നെ പദ്ധതിയിൽ പ്രഖ്യാപിച്ച എണ്ണം മറികടന്നതായി സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു. 'സ്നേഹ സ്പർശം' എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതു സമൂഹത്തെകൂടി ഉൾപ്പെടുത്തി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
ഡെർമറ്റോളജി ആശുപത്രിയിലെ പാചകക്കാരനുള്ള ഒരു വർഷത്തെ ശമ്പളം തുടർച്ചയായി മൂന്നാം വർഷവും ഈ കൂട്ടായ്മ നൽകും.
ആശുപത്രി അംഗണത്തിൽ നടന്ന ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലിൽ നിന്നും സബ് കളക്‌ടര്‍ അര്‍ഷീല്‍ ആര്‍ മീണ കെളിയുടെ ധരണാ പത്രം ഏറ്റുവാങ്ങി.
കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ തോട്ടത്തില്‍ രവീന്ദ്രന്‍, അഡീഷണൽ ഡിഎംഒ ഡോക്ടര്‍ രാജേഷ്, ഡിപിഎം ഡോക്ടര്‍ ഷാജി, വാർഡ് കൺസിലർ അനിത, കേളി കേന്ദ്ര കമ്മറ്റി മുൻ അംഗം ഹസ്സൻ കോയ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഡെർമറ്റോളജി ആശുപത്രിയിലെ ഈ വർഷത്തെ കരാറിന് കുരുന്നുകളുടെ കൈത്താങ്ങ് കൂടിയുണ്ട്.
ഇക്കഴിഞ്ഞ എസ്എസ്എൽസി - പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ കുട്ടികൾക്ക് കേളി നൽകിയ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച അവാർഡ് തുക, റിയാദിൽ നിന്നും അർഹരായ നവനീത് എം, നിഷാൽ പൂവക്കുറിശ്ശി, മേധ മിലേഷ്, അദിവ് വിജി എബ്രഹാം, നജ അമ്രീൻ, അനു റോസ് ജോമോൻ, ആദർശ് സാജു, നേഹ പുഷ്പരാജ്, അഭയ് ദേവ്, ദീപക് ദേവ്, മീര ആവുഞ്ഞിക്കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ് എന്നീ കുട്ടികൾ ഈ സംരഭത്തിലേക്ക് സംഭാവന ചെയ്തു.
ഭാവി തലമുറയിലെ സഹാനുഭൂതിയുടെയും, ചേർത്തുപിടിക്കലിൻ്റെയും കിരണങ്ങളാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ഫണ്ട് ഏറ്റു വാങ്ങിക്കൊണ്ട് കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു.