/sathyam/media/media_files/2025/07/07/chilla-riyadh-2025-07-07-14-43-15.jpg)
റിയാദ്: സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തികൊണ്ടായിരുന്നു 'ചില്ല'യുടെ ‘രാഷ്ട്രവായന’ റിയാദിൽ നടന്നു. ഇന്ത്യയുടെ ആശയ-രാഷ്ട്രീയ-ഭരണ സങ്കീർണതകളെപ്പറ്റി ചർച്ച ചെയ്യുന്ന ‘ബീയിംങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’, ‘നിശബ്ദ അട്ടിമറി’, ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്നീ മൂന്ന് പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണവും സംവാദവുമാണ് നടന്നത്.
‘ബീയിംങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് എം ഫൈസൽ അവതരണങ്ങൾക്ക് തുടക്കം കുറിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായ സിയാവുൽ സലാം എഴുതിയ ദേശീയപ്രസക്തമായ പുസ്തകം ഇന്ത്യയിലെ മുസ്ലീം ജീവിതത്തെ അപരവൽക്കരിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയ പ്രക്രിയയാണ് വിശദീകരിക്കുന്നത്.
സുൽത്താനേറ്റ്-മുഗൾ കാലഘട്ടത്തെയും അതിന്റെ സാംസ്കാരിക-സാമൂഹിക സമ്പന്നതയേയും തമസ്കരിക്കുന്ന, വർത്തമാനകാല തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സ്ഥാനാർത്ഥിത്വം, സമ്മതിദാനം എന്നീ അവകാശങ്ങളിൽ നിന്ന് മുസ്ലീം സാന്നിദ്ധ്യത്തെ പുറത്താക്കുന്ന, കുറ്റവാളികളായി മുദ്രകുത്തി മുസ്ലീംങ്ങളുടെ പാർപ്പിടങ്ങൾക്കുനേരെ നീതിന്യായവ്യവസ്ഥയ്ക്ക് ബാഹ്യമായ ബുൾഡോസർരാജ് നടപ്പാക്കുന്ന രാഷ്ട്രീയവ്യവസ്ഥയെ തുറന്നുകാണിക്കുന്ന പുസ്തകത്തിന്റെ വായനയും ചർച്ചയും ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയുടെ ഉന്നതമായ ഭരണഘടനാതത്വങ്ങളെ നിലനിർത്താൻ സഹായകമാണ് എന്ന് ഫൈസൽ അവകാശപ്പെട്ടു.
ഉൾകൊള്ളലിന്റെയും സഹിഷ്ണുതയുടെയും വൈവിദ്ധ്യപൂർണമായ സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തെ നിഷേധിക്കുന്ന രാഷ്ട്രീയാധികാരത്തെ ചെറുക്കുന്ന ജനത ഉയർന്നുവരുമെന്ന് തന്നെയാണ് ഗ്രന്ഥകാരൻ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ വിഖ്യാത പത്രപ്രവർത്തകനായ ജോസി ജോസഫ് എഴുതിയ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിന്റെ അവതരണം നടത്തിയത് ഷിംന സീനത്താണ്. പട്ടാളങ്ങൾ നടത്തുന്ന ശബ്ദായമാനമായ ഭരണകൂട അട്ടിമറിക്ക് പകരം സർക്കാരുകളുടെ നിയമപാലന-അന്വേഷണ-നികുതി-സാമ്പത്തിക-തിരഞ്ഞെടുപ്പ് ഭരണ ഏജൻസികൾ നടത്തുന്ന നിശബ്ദമായ രാഷ്ട്രീയ അട്ടിമറിയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുസ്തകം പങ്കുവെക്കുന്നത്.
ലോകത്തെ മുഴുവൻ വിവരശേഖരണവും ഒരൊറ്റ സംരംഭമായി കണക്കാക്കുകയാണെങ്കിൽ അതായിരിക്കും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമെന്ന് എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു.
നിരപരാധികൾ മുതൽ ഭരണകൂട ഏജൻസികൾക്ക് വിവരം നൽകുന്നവർ വരെ എങ്ങനെയാണ് ഈ നിശബ്ദ അട്ടിമറിയുടെ ഇരകളായി മാറുന്നതെന്ന് പുസ്തകം നിരവധി തെളിവുകളുടെ പിൻബലത്തിൽ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു എന്ന് ഷിംന പറഞ്ഞു.
വ്യവസ്ഥാപിത മാദ്ധ്യമങ്ങൾക്കും രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ ഭരണകൂടാനുസാരിയാക്കി മാറ്റുന്നതിൽ വലിയ പങ്കുണ്ടെന്ന് പുസ്തകം അടിവരയിടുന്നു.
പ്രശസ്ത മലയാള കവിയും സാംസ്കാരികപ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ എഴുതിയ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന അവതരിപ്പിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടതെന്ന് ചരിത്രപഠനത്തിലൂടെയും സാമൂഹ്യ-സാംസ്കാരിക വിശകലനത്തിലൂടെയും വിശദമാക്കുന്ന ഈ സമഗ്രഗ്രന്ഥം ജനാധിപത്യവിശ്വാസികൾക്ക് വിലപ്പെട്ട റെഫറൻസ് സ്രോതസ്സാണ്.
ആയാസകരവും ആധികാരികവുമായ അന്വേഷണങ്ങളിലൂടെ ഗോപീകൃഷ്ണൻ കണ്ടെത്തിയ വസ്തുതകൾ അമൂല്യമാണ്. സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ അകത്തും പുറത്തുമായി രൂപപ്പെട്ടിരുന്ന ഹിന്ദുത്വധാര എങ്ങനെയാണ് വർത്തമാന കാലത്ത് രാജ്യത്തിന്റെ ഭരണം തന്നെ കൈക്കലാക്കിയത് എന്ന് പുസ്തകം വിശദീകരിക്കുന്നതായി ബീന പറഞ്ഞു.
സോഷ്യലിസ്റ്റ് ചിന്തക്കൊപ്പം ഗാന്ധിയൻ തത്വങ്ങൾക്കും നിലപാടുകൾക്കും ഇന്നത്തെ സംഘപരിവാർ അധിനിവേശത്തെ ചെറുക്കാൻ പ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നാണ് ഗ്രന്ഥകാരൻ വിശ്വസിക്കുന്നത്.
അവതരണങ്ങൾക്ക് ശേഷം നടന്ന സംവാദത്തിൽ കെ പി എം സാദിഖ്, ശശി കാട്ടൂർ, റഫീഖ് പന്നിയങ്കര, റസൂൽ സലാം, ബാസിൽ മുഹമ്മദ്, നജീം കൊച്ചുകലുങ്ക്, ജോമോൻ സ്റ്റീഫൻ, ഷഹീബ വികെ, പ്രഭാകരൻ, അനസ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ഭരണഘടനാതത്വങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഇന്ത്യയുടെ നിലനിൽപ്പിന് ഫാസിസ്റ്റ് പ്രവണതകളെ ചെറുത്തുതോൽപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
പ്രസക്തമായ പുസ്തകങ്ങൾ ഗൗരവപൂർവ്വം അവതരിപ്പിക്കുകയും അവ അതേ ഗൗരവത്തിൽ ചർച്ചചെയ്യുകയും ചെയ്യുന്ന രീതി സമൂഹത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സഹായിക്കുമെന്ന ചില്ലയുടെ ചിന്തയെ ചർച്ച അർത്ഥപൂർണമാക്കി. സീബ കുവോട് ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് സംസാരിച്ചു. വിപിൻ കുമാർ പരിപാടിയുടെ മോഡറേറ്ററായിരുന്നു.