ജിദ്ദ: കഴിഞ്ഞ വർഷം വിദേശത്ത് നിന്ന് 18.5 ദശലക്ഷത്തിലധികം വിശ്വാസികളാണ് ഹജ്ജ് - ഉംറ കർമങ്ങൾക്കായി വിദേശങ്ങളിൽ നിന്ന് എത്തിയതെന്ന് ആതിഥേയ രാജ്യമായ സൗദി അറേബ്യ. ഇതിൽ 16.92 ദശലക്ഷം പേരാണ് ഉംറ തീർത്ഥാടനത്തിനായി എത്തിയത്. ഈ സംഖ്യ നടപ്പ് വർഷത്തെ ലക്ഷ്യത്തേക്കാളും 2022 നെ അപേക്ഷിച്ച് 101% വും അധികമാണെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
ഹജ്ജ് - ഉംറ തീർത്ഥാടനത്തിനായി സൗദി തീർത്ഥാടന മന്ത്രാലയം രൂപം കൊടുത്ത ഗസ്റ്റ്‌സ് ഓഫ് ഗോഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം രാജ്യത്തെ 40-ലധികം സർക്കാർ ഏജൻസികളുമായി സഹകരിച്ച് 89 വൈവിധ്യമാർന്ന പുതിയ നടപടികൾ നടപ്പാക്കിയതായും എടുത്തുപറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/07/makkah-pilgrims-2025-07-07-19-46-32.jpg)
തീർത്ഥാടകരുടെ വരവ് പോക്കിന്റെ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സംവിധാനത്തിന്റെ ഭാഗമാണിത്. ഗതാഗത - താമസ സൗകര്യങ്ങൾ മുതൽ ആചാരങ്ങൾ അനുഷ്ഠിക്കുന്നതും ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക അനുഭവങ്ങളും കൊണ്ട് സമ്പൂർണമാണ് പ്രോഗ്രാം. ഇവയിലെ വിജയ നിരക്ക് 95% മാണെന്നും റിപ്പോർട്ട് തുടരുന്നു.
153,000-ത്തിലധികം വളണ്ടിയർമാർ
2024-ൽ ദൈവത്തിന്റെ അതിഥികളായ തീർത്ഥാടകരെ സേവിക്കുന്ന സന്നദ്ധപ്രവർത്തകരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായാണ് കണക്ക് (153,000-ത്തിലധികം). അതേസമയം, 2022-ൽ ഇത് പതിനയ്യായിരത്തിൽ അധികമായിരുന്നില്ല. തീർത്ഥാടകരെ സേവിക്കുന്നതിൽ വർദ്ധിച്ചുവരുന്ന സമൂഹ അവബോധത്തെയും പങ്കാളിത്ത മനോഭാവത്തെയും അടയാളപ്പെടുത്തുന്നതായും റിപ്പോർട്ട് വിവരിച്ചു.
ആഗോള സൂചിക റാങ്കിംഗ് പ്രകാരം, രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ മക്ക ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ്, ടൂറിസം പ്രകടന സൂചികയിൽ മദീന ആഗോളതലത്തിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു, മതപരവും വിനോദസഞ്ചാരപരവുമായ ഒരു കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ മുൻനിര സ്ഥാനം ഇത് പ്രതിഫലിപ്പിക്കുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്. “നുസ്ക്” പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കൾക്ക് (100) ൽ അധികം സേവനങ്ങൾ നൽകുന്നു. തീർത്ഥാടകർ പുറപ്പെടുന്ന രാജ്യത്ത് വെച്ച് തന്നെ നടപടികൾ പൂർത്തിയാക്കുന്ന “മക്ക റോഡ്” സംരംഭം ആരംഭിച്ചതിനുശേഷം ഇതുവരെയായി 9.40 ലക്ഷത്തിലേറെ പേർക്ക് അനുഗ്രഹമായി. കൂടാതെ “ഇനായ” കേന്ദ്രങ്ങൾ ഏകദേശം മുപ്പത് ലക്ഷം ഗുണഭോക്താക്കൾക്കും പ്രയോജനപ്പെട്ടു.