ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ - അബ്ബാസ് അറാഖ്‌ജി ചർച്ച; മേഖലാ സുരക്ഷാ മുഖ്യവിഷയം; ഇറാന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച സൗദി നിലപാടിൽ ഇറാന്  മതിപ്പ്

ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച സൗദിയുടെ നിലപാടിൽ മതിപ്പ് രേഖപ്പെടുത്തിയ ഇറാൻ വിദേശകാര്യ മന്ത്രി മേഖലാ സുരക്ഷയും സ്ഥിരതയും മുൻനിർത്തി കിരീടാവകാശി നടത്തിവരുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.   

New Update
iran fm - saudi cp

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും സംഘവും മേഖലാ സംഭവവികാസങ്ങൾ ചർച്ച നടത്തി.    

Advertisment

ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയും സംഭാഷണവും. മേഖലയിലെ  സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട  ആനുകാലിക വിഷയങ്ങളും ഉഭയകക്ഷി കാര്യങ്ങളും ചർച്ചയിൽ വിഷയങ്ങളായി.   

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ  രാജകുമാരൻ എന്നിവരുമായും ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും വെവ്വേറെയും ചർച്ചകൾ നടത്തി.

ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച സൗദിയുടെ നിലപാടിൽ മതിപ്പ് രേഖപ്പെടുത്തിയ ഇറാൻ വിദേശകാര്യ മന്ത്രി മേഖലാ സുരക്ഷയും സ്ഥിരതയും മുൻനിർത്തി കിരീടാവകാശി നടത്തിവരുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.   

തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമായി നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സംഭാഷണത്തെ മുറുകെപ്പിടിക്കുകയെന്ന റിയാദിന്റെ നിലപാട് ഊന്നിപ്പറഞ്ഞ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ വെടിനിർത്തൽ കരാർ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

iran saudi

അതോടൊപ്പം, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സൗദി - ഇറാൻ  നേതാക്കൾ ചർച്ച ചെയ്തു.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇറാനിയൻ വിദേശകാര്യ മന്ത്രി സൗദി കിരീടാവകാശിയുടെ ആസ്ഥാനത്തെത്തിയത്.

പുറമെ, സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായും ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണത്തിന്റെ വശങ്ങളും ഇരു ഭാഗവും അവലോകനം ചെയ്തു, പൊതുവായ ആശങ്ക ഉളവാക്കുന്ന  നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി ഇത് സംബന്ധിച്ച പ്രസ്താവന  വിവരിച്ചു.

Advertisment