/sathyam/media/media_files/2025/08/13/workers-at-yamboo-2025-08-13-14-02-00.jpg)
യാമ്പു (സൗദി അറേബ്യ): "ഒളിച്ചോട്ടം" (ഹുറൂബ്) മുദ്രയിൽ പെട്ട് നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതമനുഭവിക്കുകയായിരുന്ന രണ്ട് ഇന്ത്യൻ പ്രവാസകൾ നാട്ടിലെത്തി. ഇതിലൊരാൾ മലയാളിയാണ്.
തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശി ബിനു ഓമന ആണ് സംഭവത്തിലെ മലയാളി. തെലങ്കാന സ്വദേശി ഗംഗാ രാജം ആണ് രക്ഷപ്പെട്ട മറ്റൊരാൾ. ജിദ്ദ നവോദയയുടെ കീഴിലുള്ള യാമ്പൂ ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം നടത്തിയ നിരന്തര ശ്രമഫലമായാണ് വർഷങ്ങളായി കഷ്ടത പേറുകയായിരുന്ന ഇരുവരും നാടണഞ്ഞത്.
അൽഖുറിയാത്ത് പ്രദേശത്ത് ജോലിക്കെത്തിയ ബിനു ഓമന തൊഴിൽ പ്രതിസന്ധി മൂലം സ്പോൺസർഷിപ്പ് മാറുകയായിരുന്നു. പുതിയ സ്പോൺസറുടെ കീഴിലെ ഹെവി ഡ്രൈവർ ജോലി യാമ്പൂവിൽ ആയിരുന്നു. അതിനിടെ, ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ ബിനു ഹുറൂബ് (അബ്സ്കോണ്ട്) ഗണത്തിൽ പെടുകയും ചെയ്തു.
അത് നീക്കിക്കിട്ടാൻ നടത്തിയ ശ്രമങ്ങളോട് സ്പോൺസറിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നതിനാൽ നാട്ടിലേക്ക് മടങ്ങാനോ ജോലി തുടരാനോ കഴിയാതെ ദുരിതമനുഭവിക്കുകയായിരുന്നു ബിനു.
ഗംഗാ രാജൻ എട്ടു വർഷം മുമ്പ് ദമ്മാം പ്രദേശത്താണ് എത്തിയത്. ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ ഹുറൂബ് ആവുകയായിരുന്നു. റിയാദ് എംബസിയിൽ നിന്നും കഴിഞ്ഞ വർഷം ലഭിച്ച ഇ സി സൗകര്യം പിന്നീട് ദുർബലപ്പെട്ടു. അതിനിടെയാണ് ഇദ്ദേഹം യാമ്പൂവിൽ എത്തിയത്.
ഗംഗാ രാജത്തിന്റെ കേസിൽ ജിദ്ദ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസുൽ ദിനേശ് നൽകിയ പിന്തുണ യാമ്പൂ നവോദയ ജീവ കാരുണ്യ വിഭാഗം കൺവീനർ എ പി സാക്കിർ അനുസ്മരിച്ചു. അദ്ദേഹം കോൺസുലേറ്റിൽ നിന്ന് പുതിയ ഇ സി ഇഷ്യൂ ചെയ്യുകയായിരുന്നു.
ഒടുവിൽ, ബിനു ഓമനയെയും ഗംഗാ രാജത്തിനെയും ഒരുമിച്ച് ജിദ്ദയിൽ ഷുമൈസി ഡീപോർട്ടേഷൻ സെന്ററിലെ ജവാസാത്തിൽ എത്തിച്ച് ഫൈനൽ എക്സിറ്റ് നേടി. തുടർന്ന്, വിമാന ടിക്കറ്റെടുത്ത രണ്ടുപേരെയും ജിദ്ദയിൽ നിന്ന് നവോദയ പ്രവർത്തകർ യാത്രയാക്കി.