/sathyam/media/media_files/2025/08/23/obit-riyaz-2025-08-23-15-09-57.jpg)
ജീസാൻ (സൗദി അറേബ്യ): വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു സൗദിയിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന മഞ്ചേരി സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ യുവാവ് യാത്രയായത് പരലോകത്തേക്ക്.
മഞ്ചേരി, പാണായി, മുള്ളമ്പാറ സ്വദേശിയും മുഹമ്മദ് കോർമത്ത് - സുഹ്‌റ ദമ്പതികളുടെ മകനുമായ അബ്ബ മൻസിലിൽ റിയാസ് ബാബു കോര്‍മത്ത് (47) ആണ് തലേരാത്രിയുണ്ടായ റോഡപകടത്തിൽ മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ള എയർ അറേബ്യ വിമാനത്തിൽ ഷാർജ വഴി കരിപ്പൂരിലേക്ക് പുറപ്പെടാനിരിക്കയായിരുന്നു റിയാസ് ബാബു. ഭാര്യ: സാഹിന. മക്കൾ: ഹാനിയ, ഹനാൻ, ഹന.
ദക്ഷിണ സൗദിയിലെ ജീസാൻ നഗരത്തിന് സമീപം വ്യാഴാഴ്ച പതിനൊന്നിന് അബൂഅരീഷ്, അൽവാസലിയയിൽ ആയിരുന്നു പ്രവാസ സമൂഹത്തിന് നടുക്കമുളവാക്കിയ സംഭവം.
പിന്നിൽ നിന്നെത്തിയ ഒരു വാഹനം റിയാസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ റിയാസിനെ ഉടന്‍ ജിസാന്‍ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
18 വർഷമായി ജിസാൻ, ബൈഷ്, മിസ്ലിയയില്‍ മിനിമാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലേക്ക് പോവാനിരിക്കെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയായിരുന്നു അപകടം. അന്നേരം സ്ഥലത്ത് കനത്ത മഴ ഉണ്ടായിരുന്നു.
ജീസാനിലെ പ്രമുഖ സാമൂഹിക സംഘടനയായ 'ജല' യിൽ സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരുന്ന പ്രവർത്തകനായിരുന്നു. കോവിഡ് കാലത്ത് ബൈഷിലെ പ്രവാസികള്‍ക്കിടയില്‍ ഭക്ഷണ വിതരണത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സജീവമായിരുന്നു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി ഇക്കാര്യത്തിൽ നാട്ടിലെ കുടുംബം അധികാര പത്രം കൊടുത്ത സമീർ കൊടുവള്ളി അറിയിച്ചു.