ജമൈക്കൻ സയാമീസ് അസാരിയ, അസൂറ എന്നിവരെ വിജയകരമായി വേർപിരിച്ചു; അതിജയിച്ചത് 40% അപകടസാധ്യതയുള്ള ശസ്ത്രക്രിയ

20 മാസം മാത്രം പ്രായം പിന്നിട്ട ജമൈക്കൻ ഇരട്ടകളുടെ നെഞ്ചിന്റെ അടിഭാഗത്തും, വയറിലും, കരളിലും, കുടലുകളും പെരികാർഡിയവും ശരീരഭാഗങ്ങൾ പങ്കിട്ട നിലയിലായിരുന്നു.

New Update
saiamis twins

ജിദ്ദ: കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ജമൈക്ക ദ്വീപിൽ നിന്നുള്ള സയാമീസ് കുഞ്ഞുങ്ങളെ സൗദി അറേബ്യൻ മെഡിക്കൽ - സർജറി സംഘം വിജയകരമായി വേർപ്പെടുത്തി. സൗദി അറേബ്യയുടെ പ്രത്യേക സയാമീസ് ഇരട്ടകളെ വേർപ്പെടുത്തല്‍ പ്രോഗ്രാമിന് കീഴിലെ 67-ാമത്തെ ശസ്ത്രക്രിയയായിരുന്നു വ്യാഴാഴ്ച റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് നടന്നത്.

Advertisment

ആറ് ഘട്ടങ്ങളിലായി നടത്തിയ ഈ ശസ്ത്രക്രിയ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നതായും അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി എന്നീ മേഖലകളിലെ 25 കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെട്ടതായും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ അറിയിച്ചു. സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള മെഡിക്കൽ - സർജിക്കൽ ടീമിന്റെ തലവനുമാണ് ഡോ. അബ്ദുല്ല അൽറബീഅ.

successful surgery

സൗദി ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം സൗദി വ്യോമസേനാ ഇവാക്വേഷൻ വിമാനത്തിൽ രക്ഷിതാക്കൾക്കൊപ്പം ജൂലൈ 28 ന് റിയാദിൽ എത്തിയ 20 മാസം മാത്രം പ്രായം പിന്നിട്ട ജമൈക്കൻ ഇരട്ടകളുടെ നെഞ്ചിന്റെ അടിഭാഗത്തും, വയറിലും, കരളിലും, കുടലുകളും പെരികാർഡിയവും ശരീരഭാഗങ്ങൾ പങ്കിട്ട നിലയിലായിരുന്നു.

അതിലൊരു കുട്ടിയ്ക്ക് സാധാരണ നിരക്കിന്റെ 20% ഗുരുതരമായ ഹൃദയപേശി ബലഹീനത അനുഭവപ്പെട്ടതായും അതുമൂലം ശസ്ത്രക്രിയയുടെ അപകടസാധ്യത ഏകദേശം 40% ആയിരുന്നെന്നും  ഡോ. അൽറബീഅ വിവരിച്ചു.

DR. ABDULLAH ALRABEEA

ഡോ. അബ്ദുല്ലാ അൽറബീഅ

ചർമ്മത്തിനടിയിൽ ബലൂണുകൾ സ്ഥാപിച്ച് വേർപിരിയലിനു ശേഷമുള്ള വിടവ് നികത്തുന്നത് ഉൾപ്പെടെയുള്ള സൂക്ഷ്മമായ നടപടികളാണ് മെഡിക്കൽ സംഘം സ്വീകരിച്ചതെന്നും ഡോ. അൽറബീഅ തുടർന്നു.  

കഴിഞ്ഞ 35 വർഷങ്ങളായി ലോകത്തിലെ 28 രാജ്യങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകൾക്ക് അനുഗ്രഹമായിത്തീർന്ന സൗദിയുടെ പ്രത്യേക സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ പദ്ധതി സൗദി മെഡിക്കൽ മാനവ ശേഷിയുടെ ഉയർന്ന പ്രൊഫഷണൽ കഴിവും രാജ്യാന്തര നിലവാരവും അനാവരണം ചെയ്യുന്നത് കൂടിയാണെന്ന് ഡോ. അബ്ദുല്ലാ അൽറബീഅ ചൂണ്ടിക്കാട്ടി.

Advertisment