ജിദ്ദ: അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ച ഇറാൻ - ഇസ്രായേൽ വെടിനിർത്തൽ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയിൽ രൂക്ഷമായ സംഘർഷം നിലനിൽക്കുന്ന ഇറാൻ, ഇസ്രായേൽ എന്നിവർക്കിടയിൽ ഒരു വെടിനിർത്തൽ കരാർ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ നടത്തിയ ശ്രമങ്ങളെയും പ്രശംസിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
"ബലപ്രയോഗത്തിൽ നിന്നും ഭീഷണി മുഴക്കുന്നതിൽ നിന്നും വിട്ടുനിന്ന് സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രതിബദ്ധത എല്ലാ കക്ഷികളും കൈക്കൊള്ളും എന്നാണ് അടുത്ത ഘട്ടം ഉറ്റുനോക്കുന്നത്. കൂടാതെ ഈ കരാർ മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും തുടർച്ചയായ സംഘർഷ സാധ്യത ഒഴിവാക്കുന്നതിനും സഹായിക്കും": സൗദി അറേബ്യ ഇന്ന് പുറത്തിറക്കിയ പ്രസ്താവന പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യങ്ങളുടെ പരമാധികാരത്തെ പരസ്പരം ബഹുമാനിക്കുകയും മേഖലയിലും രാജ്യാന്തര തലത്തിലുമുള്ള സുരക്ഷ, സ്ഥിരത, സമൃദ്ധി, പുരോഗതി എന്നിവ കൈവരിക്കുന്നതിനായി പ്രാദേശിക തർക്കങ്ങളും സംഘർഷങ്ങളും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കുകയും ചെയ്യുക എന്ന നിലപാടിനാണ് സൗദിയുടെ പിന്തുണ ഉണ്ടായിരിക്കുക എന്നും പ്രസ്താവന ആവർത്തിച്ചു.
12 ദിവസത്തെ അഭൂതപൂർവമായ യുദ്ധത്തിനുശേഷം, ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടായതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആദ്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച സോഷ്യൽ ട്രൂത്തിൽ എഴുതിയ ഒരു പോസ്റ്റിൽ, ട്രംപ് ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുകയുമാണ്: "വെടിനിർത്തൽ നിലവിൽ വന്നു. ദയവായി ആരും അത് ലംഘിക്കരുത്."