/sathyam/media/media_files/2025/08/06/647f615b-3fc6-43e5-94fe-a3d1c9ff192b-2025-08-06-17-49-12.jpg)
ജിദ്ദ: സൗദി അറേബ്യയിലെ ദമ്മാം ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിൽ മണിക്കൂറിൽ 40 മുതൽ 49 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച മുന്നറിയിപ്പ് നൽകി. പ്രവിശ്യയിലെ ഹഫർ അൽബാത്വിൻ, ഖഫ്ജി, നുയരിയ, ഖര്യത്ത് അൽഉല്യ, അൽഹിജ്ർ, അവയുടെ അനുബന്ധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലെ പ്രദേശങ്ങളിൽ കാറ്റ് അനുഭവപ്പെടും.
റോഡുകളിലും ഹൈവേകളിലും പൊടിക്കാറ്റിനും ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ ആരംഭിച്ച് രാത്രി ഒമ്പത് വരെ ശക്തിയായ കാറ്റും പൊടിക്കാറ്റും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സമാന്തരമായി, കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച ഉഷ്ണതരംഗം ഉണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ ഉണ്ട്. താപനില 47 മുതൽ 48 വരെ ഡിഗ്രി സെൽഷ്യസ് ഉയരുമെന്നും, ഹഫർ അൽബാത്തിൻ, ഖഫ്ജി, നുയരിയ, ഖര്യത്ത് അൽ-ഉല്യ, ബുഖൈഖ്, അൽഅഹ്സ, അൽഹിജ്ർ, അവയുടെ അനുബന്ധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളെ ഈ അവസ്ഥ ബാധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തുടർന്നു.
നേരത്തെ, കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ മറ്റൊരു അറിയിപ്പിൽ രാജ്യത്തിൻറെ വടക്ക് പടിഞ്ഞാറുള്ള തബൂക്ക് പ്രവിശ്യയിലും മണിക്കൂറിൽ 40 മുതൽ 49 വരെ കിലോമീറ്റർ വേഗതയിൽ കാറ്റും പൊടിക്കാറ്റും വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.