/sathyam/media/media_files/2025/09/06/1001231333-2025-09-06-11-47-45.jpg)
ജിദ്ദ: പ്രവാസികൾക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ആർ എസ് സി സൗദി വെസ്റ്റ് വിസ്‌ഡം ക്ലസ്റ്ററിനു കീഴിൽ സംഘടിപ്പിച്ച 'വെൽത്ത് വിസ്‌ഡം:
എക്സ്പേർട്ട് ഗൈഡൻസ് ഫോർ സ്മാർട്ടർ ഫിനാൻഷ്യൽ ഡിസിഷൻസ്' എന്ന വെബിനാർ ശ്രദ്ധേയമായി.
നിരവധി പ്രവാസി മലയാളികൾ പങ്കെടുത്ത ഓൺലൈൻ പരിപാടി സാമ്പത്തിക രംഗത്തെ വഴിവിളക്കും മാർഗദർശനവുമായി.
ചാർട്ടേഡ് അക്കൗണ്ടന്റും എസ്.എസ്.എഫ് കേരളയുടെ സെക്രട്ടറിയുമായ അഹമ്മദ് റാസി വെബിനാറിന് നേതൃത്വം നൽകി. പ്രവാസജീവിതത്തിൽ കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വരുമാനം കൈകാര്യം ചെയ്യേണ്ട രീതികൾ, വിരമിക്കൽ കാലത്തേക്കുള്ള നീക്കിയിരിപ്പ്, നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വ്യക്തമായ നിർദേശങ്ങൾ നൽകി.
അനാവശ്യമായ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പങ്കെടുത്തവരെ ബോധവാന്മാരാക്കി.
അത്യാവശ്യമില്ലാതെ ക്രെഡിറ്റ് കാർഡുകളും ഇ.എം.ഐ പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമായ അധികച്ചെലവുകൾക്ക് കാരണമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
RSC സൗദി വെസ്റ്റ് നു കീഴിൽ പൊതുജനങ്ങൾക്ക് വിവിധ മേഖലകളിൽ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മാസത്തിൽ നടന്നു വരുന്ന "ലിസൺ റ്റു എക്സ്പെർട്ട്" എന്ന പരമ്പരയിലെ പതിനൊന്നാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
നാഷനൽ സെക്രട്ടറി നാസിക് പുളിക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അസ്ഹർ സ്വാഗതവും റിയാസ് മടത്തറ നന്ദിയും പറഞ്ഞു.