/sathyam/media/media_files/IBydG2aaldmLWNJfulOd.jpg)
മക്ക: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ മക്കയിലെത്തിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച, ഇന്ത്യൻ ഹാജിമാരുടെ മസ്ജിദുൽ ഹറമിലേക്കുള്ള വരവിനായി സജ്ജീകരിച്ചിട്ടുള്ള വിശുദ്ധ ഹറമിലെ ബാബ്അലി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ആയിരുന്നു ഒഐസിസി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയേഴ്‌സിന്റെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടന്നിരുന്നത്.
ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ ടീമിൻ്റെ കൂടെ കടുത്ത ചൂടിലും മികവാർന്ന പ്രവർത്തനമാണ് ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിംഗ് കാഴ്ചവെച്ചത്. ഹജ്ജ് സേവന രംഗത്തെ സുപരിചിതരായ നഴ്സുമാരും വോളന്റിയർമാരും അടങ്ങിയ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ടീം ഇന്ത്യൻ ഹാജിമാർക്കായി ഇന്ത്യൻ മെഡിക്കൽ മിഷൻ സംഘത്തോടൊപ്പം ബാബ് അലി ബസ് സ്റ്റാൻഡിൽ കൈകോർത്തു പ്രവർത്തിച്ചത് ഏറെ സഹായകരമായിരുന്നു എന്നും കൂടുതൽ ഹാജിമാരെ ഹറമിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത വെള്ളിയാഴ്ച്ചകളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ടീം ഇന്ത്യയുമായി സഹകരിച്ച് പ്രാവർത്തികമാക്കുമെന്നും ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗത്തിന്റെ ഇൻചാർജ്, ഡോക്ടർ മുഹമ്മദ് അബ്ദുൽ മൊഹി സിദ്ധിഖിയും കോ ഓർഡിനേറ്റർ, ഡോക്ടർ മുഹമ്മദ് അക്തറും അറിയിച്ചു.
ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ ഫ്രൈഡേ ഹറം ടാസ്ക്കിന് ഹജ്ജ് സെൽ കൺവീനർ അൻവർ ഇടപ്പള്ളി, ചീഫ് കോ ഓർഡിനേറ്റർ റോഷ്‌ന നൗഷാദ്, കോ ഓർഡിനേറ്റർമാരായ ഷാജഹാൻ കരുനാഗപ്പിള്ളി, റിയാസ് വർക്കല, ഷംസ് വടക്കഞ്ചേരി,ഫിറോസ് എടക്കര, അനസ് തേവലക്കര,ഇംതിയാസ്,അസ്‌ലം,ജെസി ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.