/sathyam/media/media_files/htBRT2Ch9Ef0gFabvvw7.jpg)
മക്ക: അടുത്തെത്തിയ വിശുദ്ധ ഹജ്ജിൽ അതിസുപ്രധാനമായ അറഫാ നിസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകുക മക്കയിലെ മസ്​ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. മാഹിർ ബിൻ ഹമദ്​ അൽമു​​ഐഖ്​ലി ആയിരിക്കും. ഇതുസംബന്ധിച്ച രാജകീയ വിജ്ഞാപനം ഇരു ഹറം പരിപാലന ജനറൽ അതോറിറ്റി പുറത്തുവിട്ടു.
ഉമ്മുൽ ഖുറ യൂനിവേഴ്​സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന്​ ബിരുദാനന്തര ബിരുദം നേടിയ മാഹിർ ‘തഫ്​സീർ’, ഫിഖ്​ഹ്​’ എന്നിവയിൽ ഡോക്ടറേറ്റ് സ്ഥാനവും നേടിയിട്ടുണ്ട്. സ്വന്തവും വ്യത്യസ്തവുമായ ശൈലിയിലുള്ള ഡോ. മാഹിറിന്റെ വിശുദ്ധ ഖുർആൻ പാരായണം പ്രസിദ്ധമാണ്. വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന്​ ശേഷം മദീനയിലെ ടീച്ചേഴ്‌സ് കോളേജിലാണ്​ തുടർ പഠനം നടത്തിയത്.
ഗണിതശാസ്ത്ര അധ്യാപകനായി ബിരുദം നേടിയ അദ്ദേഹം മക്കയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മക്കയിലെ അമീർ അബ്​ദുൽ മജീദ് സ്കൂളിൽ വിദ്യാർഥി ഗൈഡായും പ്രവർത്തിച്ചിട്ടുണ്ട്.
ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് സിസ്റ്റംസ്​ ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്​തു. ബിരുദാനന്തര ബിരുദ പഠനത്തിനും ശാസ്ത്ര ഗവേഷണത്തിനും വേണ്ടിയുള്ള കോളേജിന്റെ വൈസ് ഡീൻ പദവി വഹിച്ചു.
മക്കയിലെ അൽഅവാലിയിലെ അൽസഅ്​ദി പള്ളി ഇമാമും ഖത്തീബുമായി. 2005, 2006 വർഷങ്ങളിൽ മസ്​ജിദുന്നബവിയിൽ റമദാനി​ലെ ഇമാമായി നി​യമിക്കപ്പെട്ടു. 2007 റമദാനിൽ മസ്​ജിദുൽ ഹറാമിൽ തറാവീഹ്​, തഹജ്ജുദ് നമസ്കാരത്തിന്​ നേതൃത്വം നൽകി.