ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഹാജിമാർ വന്ന് തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ മൊത്തം പന്ത്രണ്ട് ലക്ഷം തീർത്ഥാടകർ സൗദിയിൽ എത്തിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. വാർത്താവിതരണ സൽമാൻ അൽദോസരിയോടൊപ്പം റിയാദിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തീർത്ഥാടന വകുപ്പ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
തീർത്ഥാടകർ പൂർണ തൃപ്തരും എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നതായും ഇത് ദൈവാനുഗ്രഹത്തോടൊപ്പം സൗദി സർക്കാർ കാലേകൂട്ടി കൈകൊണ്ട മുന്നൊരുക്കങ്ങളുടെയും ശ്രദ്ധയുടെയും ഫലമാണെന്നും അദ്ദേഹം തുടർന്നു.
മുൻ വര്ഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ടുകൊണ്ടും പുതിയ ആശയങ്ങൾ നടപ്പാക്കി കൊണ്ടും സൗദിയുടെ "വിഷൻ 2030" പ്രകാരമുള്ള ബൃഹത്തായ ഏർപ്പാടുകളാണ് തീർത്ഥാടന സേവനത്തിന് രാജ്യം നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടകർ കണിശമായും നിയമ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഈ വർഷം ഹജ്ജ് സീസണിൽ ഹജ്ജ് പ്രദേശത്തെ കവർ ചെയ്യുന്ന മശായിർ ട്രെയിൻ മണിക്കൂറിൽ 72,000 തീര്ഥാടകരായ യാത്രക്കാരെ വഹിക്കും. അതായത് ഹജ്ജ് ട്രെയിൻ ഇത്തവണ മൂന്നര ലക്ഷം ഹാജിമാർക്ക് അനുഗ്രഹമാകും. ഇതിൽ ഇത്തവണ ഇഇതാദ്യമായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.