/sathyam/media/media_files/hg5ghOFvdGZwhuOQW1Fq.jpg)
മക്ക: ഹജ്ജ് പ്രദേശങ്ങൾ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹജ്ജ് മെട്രോ ട്രെയിൻ (ഹോളി മശാഇർ റയിൽവേ) ഈ വർഷത്തെ ആദ്യ സർവീസ് വ്യാഴാഴ്ച പ്രവർത്തിപ്പിച്ചു, മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒമ്പത് സ്റ്റേഷനുകളിലൂടെയാണ് തീർത്ഥാടകർക്ക് അനുഗ്രഹമായി ഹജ്ജ് ട്രെയിൻ സർവീസ്.
ഇതാദ്യമായി ഇത്തവണ ഇന്ത്യൻ ഹാജിമാർക്ക് കൂടി ഹജ്ജ് ട്രെയിൻ സർവീസ് ഉപയോഗിക്കാനുള്ള അനുമതി സൗദി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
വിശുദ്ദ മക്കയെ ഹജ്ജ് കർമങ്ങൾ അരങ്ങേറുന്ന സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഹജ്ജ് റയിൽവെ പാത. മൊത്തം 204 ബോഗികളുള്ള 17 ട്രെയിനുകൾ ഉൾപ്പെട്ടതാണ് ഹജ്ജ് റയിൽവെ സർവീസ്. മൊത്തം 18 കിലോമീറ്റർ ആണ് ഹജ്ജ് റെയിൽവേ ദൈർഘ്യം.
ഈ സീസണിലെ ആദ്യ സർവീസിന് മുമ്പായി 90 ദിവസത്തിലധികം നീണ്ടുനിന്ന ട്രയൽ ഓപ്പറേഷൻ ഘട്ടം അവസാനിച്ചതായി സൗദി റെയിൽവേ കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർണ സജ്ജമാണെന്നും പ്രഖ്യാപനം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ, തീവണ്ടികൾ കനത്ത അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു, ട്രെയിനുകൾ, സ്റ്റേഷനുകൾ, സിഗ്നലിംഗ്, ആശയവിനിമയ സംവിധാനങ്ങൾ, ഓപ്പറേഷൻ, കൺട്രോൾ സെൻ്റർ സംവിധാനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തു.
ഗതാഗതക്കുരുക്ക് കുറയ്ക്കുക, പുണ്യ സ്ഥലങ്ങൾക്ക് ഇടയിലുള്ള ഗതാഗതം തീർത്ഥാടകർക്ക് സുഖമമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് ഹജ്ജ് ട്രെയിൻ ലക്ഷ്യമായി എടുത്ത് കാട്ടിയത്.
അതേസമയം, ശനിയാഴ്ച്ച അരങ്ങേറുന്ന അറഫാ സംഗമത്തിലേക്ക് പുറപ്പെടാൻ ഹാജിമാർ തലേന്നാൾ (വെള്ളിയാഴ്ച്ച) മിനായിൽ ഒത്തുചേരും. വ്യാഴാഴ്ച വൈകീട്ട് മുതൽ ഹാജിമാർ മിനായിലേക്കുള്ള പാതയിലാണ്.