/sathyam/media/media_files/3USQL8paWtH5JIM4wOfP.jpg)
റിയാദ്: കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞവരുടെ വേർപാടിൽ കേളികലാ സാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അതിയായ ദു:ഖവും, അനുശോചനവും രേഖപ്പെടുത്തി. അതിലേറെ വേദനിപ്പിക്കുന്നത് 25 മലയാളികൾ മരണത്തിന് കീഴടങ്ങി എന്ന വാർത്തയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ദുഖകരമാണ് ഈ വാർത്ത.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനേയും,സേഫ് മിഷൻ ഡയരക്ടർ ജീവൻ ബാബുവിനെയും മംഗഫിലെ തൽസ്‌ഥിതി വിലയിരുത്തുന്നതിനും, തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർക്ക് സാന്ത്വനമേകുന്നതിനുവേണ്ടിയും കുവൈറ്റിലേക്ക് പോകുവാൻ കേരളമന്ത്രി സഭ ചുമതലപ്പെടുത്തിയിരുന്നു.
ഇറാഖിന്റെ കുവൈറ്റ് അധിനിവേശക്കാലത്ത് ഇ കെ നായനാർ മന്ത്രിസഭ അന്നത്തെ മന്ത്രി ടി കെ ഹംസയെ പ്രശ്നബാധിത മേഖലയിലേക്ക് അയയ്ക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രവാസികളുടെ മടങ്ങിവരവിനായി 64 എയർ ഇന്ത്യ ട്രിപ്പുകളിലൂടേയും 2 നാവികസേന കപ്പലുകളിലുമായി ഒന്നര ലക്ഷം പേർക്ക് സുരക്ഷിതമായി മടങ്ങുവാനും കഴിഞ്ഞു. അഞ്ച് കോടി പതിമ്മൂന്ന് ലക്ഷംരൂപയുടെ ഭക്ഷ്യ വസ്തുക്കൾ അവിടെ വിതരണം ചെയ്യാനും കേരള സർക്കാറിന് കേന്ദ്രാനുമതിയോടെ അന്ന് സാധിച്ചു.
ഈ മുൻഅനുഭവത്തിലാണ് ഇന്നത്തെ മന്ത്രിസഭയും ഇത്തരം തീരുമാനമെടുത്തത്. അതനുസരിച്ച് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മന്ത്രി വീണയുടെ യാത്ര കേന്ദ്ര അനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് ഈ പ്രത്യേക മിഷനിലേക്ക് പോകാൻ നിന്ന മന്ത്രിക്ക് കേന്ദ്ര ഗവൺമെന്റ് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകിയില്ല. എല്ലാ പേപ്പറുകളും പൂർത്തിയാക്കിയ ശേഷമാണ് മന്ത്രി യാത്രക്ക് എത്തിച്ചേർന്നത്. വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചില്ല എന്ന വാദമാണ് അവസാനം ലഭിച്ചത്.
കേരളത്തിനുണ്ടായ ഈ വലിയ ദുരന്തത്തിൽ പോലും അവിടെ ചെന്ന് കൊണ്ട് അവർക്കൊപ്പം പ്രവർത്തിക്കാൻ ഒരു മന്ത്രി തന്നെ തയ്യാറായിട്ടും അതിനെ ഒരു കാരണവും പറയാതെ തടയുന്ന കേന്ദ്ര ഗവണ്മെന്റ് നയങ്ങൾക്കെതിരേയും റിയാദ് കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടേറിയേറ്റ് ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തി