/sathyam/media/media_files/sF7d5pwGdfqSZzCIlEot.jpg)
മിനാ: തീർഥാടകർക്ക് മനുഷ്യ സാധ്യമായ എല്ലാ സേവനങ്ങളും പൂർത്തിയാക്കി ഹജ്ജ് പ്രദേശങ്ങളിൽ നിറ സാന്നിധ്യമായ തനിമ ഹജ്ജ് വളണ്ടിയർമാർ മിനയിൽ നിന്നും മടങ്ങി. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 'തനിമ സൗദി' യുടെ നാന്നൂറോളം വരുന്ന വളണ്ടിയർമാർ ഹജ്ജിലെ സുപ്രധാന സ്ഥലങ്ങളായ മിനയിലും, ജംറയിലും, അറഫയിലും, മുസ്‌ദലിഫയിലും,അസീസിയയിലും തീർഥാടകർ എത്തുന്ന മറ്റ് ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ഹജ്ജ് മന്ത്രാലയത്തിൻറെ കീഴിലുള്ള 'നുസുക്' അംഗീകാരത്തോടെയാണ് ഇത്തവണ തനിമ സന്നദ്ധ സംഘം കർമ രംഗത്തിറങ്ങിയത്. മക്കക്ക് പുറമേ, ജിദ്ദ, റിയാദ്, ദമ്മാം, യാംബു , ത്വാഇഫ്, മദീന, അസീർ തുടങ്ങി സൗദിയുടെ വിവിധ നഗരങ്ങളിലുള്ള തനിമ പ്രവർത്തകരാണ് സേവനസന്നദ്ധരായി എത്തിച്ചേർന്നത്.
ഹജ്ജുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾക്കിടയിൽ ഇത്തവണ ലക്ഷക്കണക്കിന് വരുന്ന ഹാജിമാർക്കിടയിൽ ഹജ്ജ് മന്ത്രാലയത്തിൻറെ സേവാനാനുമതിയായ 'നുസുക്' കാർഡ് ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് തനിമയുടെ കേന്ദ്ര പ്രസിഡൻറ് നജ്‌മുദ്ദീൻ അമ്പലങ്ങാടൻ പറഞ്ഞു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇരുപത്തിനാല് മണിക്കൂറും തനിമയുടെ പ്രവർത്തകർ സേവനനിരതരാവുന്ന ബൃഹത്തായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ്കർമങ്ങൾക്കു ശേഷം മക്കയിൽ ഹാജിമാരുടെ പ്രധാന താമസസ്ഥലമായ അസീസിയയിലും തുടർസേവനങ്ങൾ ഉണ്ടാവുമെന്ന് തനിമ കേന്ദ്ര കോഡിനേറ്റർ മുനീർ ഇബ്രാഹിം, വളണ്ടിയർ വിങ്ങ് ക്യാപ്റ്റൻ ഇ.കെ നൗഷാദ് കണ്ണൂർ , മക്ക വളണ്ടിയർ കോർഡിനേറ്റർ അബ്ദുൽ ഹക്കീം ആലപ്പുഴ എന്നിവർ പറഞ്ഞു. കനത്ത ചൂടും, അനുമതി ലഭിക്കാഞ്ഞതിനാൽ താരതമ്യേന അപര്യാപ്‌തമായ വളണ്ടിയർമാരുടെ എണ്ണം കുറഞ്ഞുപോയതുമാണ് ഇത്തവണ വളണ്ടിയർ സേവനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായതെന്നും സംഘാടകർ പറഞ്ഞു.
മിന വളണ്ടിയർ സേവനത്തിന് സമാപനം കുറിച്ച് കൊണ്ട് നടത്തിയ വളണ്ടിയേഴ്സ് മീറ്റിൽ 'ഇത്തിഹാദുൽ ഉലമ' വൈസ് പ്രസിഡന്റും 'ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോളി ഖുർആൻ' ഡയറക്ടറുമായ ഡോക്ടർ ഇൽയാസ് മൗലവി മുഖ്യാതിഥിയായിരിന്നു . ഹജ്ജ് ചെയ്തവരെ പോലെ തന്നെ ഹാജിമാർക്ക് സേവനത്തിനായി ഇറങ്ങിയവർക്കും തത്തുല്യമായതോ അതിലേറെയോ പ്രതിഫലം ലഭിക്കുമെന്ന് പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിൽ ഇൽയാസ് മൗലവി ഉണർത്തി. ഓരോരുത്തരും ചെയ്ത സൽകർമ്മങ്ങൾക്ക് അവർ സേവനം ചെയ്ത ഭൂമി അടക്കം സാക്ഷി പറയുമെന്നും അന്ത്യനാളിൽ അതിന്റെ പ്രതിഫലം അവർക്ക് അത് മൂലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിമ കേന്ദ്ര പ്രസിഡന്റ് നജ്‌മുദ്ദീൻ അമ്പലങ്ങാടൻ ചടങ്ങിൽ അധ്യക്ഷനായിരിന്നു. റഊഫ് ചാവക്കാട് വളണ്ടിയർമാർക്ക് ആവേശമായി ഗാനമാലപിച്ചു. മുനീർ ഇബ്രാഹിം സ്വാഗതവും ഇ.കെ നൗഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു. നിമ ഹജ്ജ് സെൽ അംഗം സി.എച്ച് ബഷീർ, തനിമ മക്ക വളണ്ടിയർ കോർഡിനേറ്റർ അബ്ദുൽ ഹകീം ആലപ്പുഴ തുടങ്ങിയവർ സന്നിഹിതരായിരുന്നു.